കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ലോര്‍ ബസുകള്‍ വെള്ളാനയായി മാറുന്നു. ഇന്ധന ക്ഷമത ഇല്ലാത്തതിനാല്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത് നഷ്ടത്തിലെന്ന് കെ.എസ്.ആര്‍.ടി.സി. ഓടാതെ കിടക്കുന്ന ബസുകള്‍ സിറ്റി ഓട്ടത്തിന് പരിഗണിക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് എം.ഡി എം.പി ദിനേശ് അറിയിച്ചു. കെ.യു.ആര്‍.ടി.സി ജന്റം ലോ ഫ്‌ലോര്‍ ബസുകള്‍ കട്ടപ്പുറത്തായ വാര്‍ത്ത മീഡിയവണ്‍ പുറത്തുവിട്ടിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട കെ.എസ്.ആര്‍.ടി.സി എം.ഡി ദിനേശ് ഓടാതെ കിടക്കുന്ന 50 എസി ബസുകള്‍ നിരത്തിലിറക്കുന്ന കാര്യം പരിഗണനയിലുണ്ടന്നാണ് അറിയിച്ചത്.
2009ല്‍ സംസ്ഥാനത്തെത്തിയ ബസുകള്‍ തുടക്കത്തില്‍ നല്ല രീതിയില്‍ കളക്ഷന്‍ നേടി. എന്നാല്‍ ഇന്ധന ക്ഷമത ഇല്ലാത്തത് കാരണം ഡീസല്‍ ഇനത്തില്‍ വലിയ നഷ്ടമാണ് വരുത്തുന്നത്. സാദാ ബസിന് നാലര കിലോമീറ്റര്‍ മൈലേജ് കിട്ടുമ്പോള്‍ ലോ ഫ്‌ലോര്‍ എസി ബസിന് 2 കിലോമീറ്ററും നോണ്‍ എസിക്ക് മൂന്നര കിലോമീറ്ററും മാത്രമാണ് മൈലേജ്. അറ്റകുറ്റ പണിക്കുള്ള നിരക്കും വളരെ കൂടുതല്‍.
നേരത്തെ നല്‍കാനുള്ള 75 ലക്ഷം കുടിശ്ശിക ഉള്‍പ്പെടെ രണ്ടര കോടി ഉണ്ടെങ്കിലെ കട്ടപ്പുറത്തായ 196 ബസുകളെ നിരത്തിലിറക്കാന്‍ പറ്റൂ. എസി ബസിനുളള മിനിമം ചാര്‍ജ് 20 രൂപയും നോണ്‍ എസിക്ക് 10 രൂപയുമാണ്. ഉള്‍പ്രദേശങ്ങളിലേക്ക് അതിനാല്‍ നിയോഗിക്കാനും കഴിയില്ല. ഉള്ള ബസുകള്‍ നഷ്ടമില്ലാതെ ഓടിക്കണമെങ്കില്‍ നിരക്ക് കൂട്ടേണ്ടി വരും.
Post Your Comments