ചെന്നൈ: കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തെ തുടർന്ന് മക്കള്‍ നീതി മയ്യം ഓഫിസിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന ഗോഡ്സെയെ കുറിച്ചുള്ള കമല്‍ ഹാസന്റെ പരാമര്‍ശമാണ് വിവാദമായത്. ചെന്നൈയിലെ മക്കള്‍ നീതി മയ്യം ഓഫീസിന് മുന്നില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിരിക്കുകയാണ്. മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ കക്ഷിയുടെ അധ്യക്ഷനാണ് കമല്‍ ഹാസന്. മെയ് 12ന് ചെന്നൈയില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്സേ എന്നാണ്’ എന്ന് കമല്‍ ഹാസന് പറഞ്ഞത്.
“ഇവിടെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായതു കൊണ്ടല്ല ഞാനിത് പറയുന്നത്. ഞാനിത് പറയുന്നത് ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നുകൊണ്ടാണ്. ഞാന്‍ ഗാന്ധിയുടെ കൊച്ചുമകനാണ്, അദ്ദേഹത്തിന്റെ മരണത്തില്‍ നീതി ലഭിക്കണം. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്, ഒരു നല്ല ഇന്ത്യക്കാരന് അവന്റെ രാജ്യം സമാധാന പൂര്‍ണമാകണമെന്നും എല്ലാവരും തുല്യതയോടെ ജീവിക്കണമെന്നും ആഗ്രഹിക്കും” കമല്‍ ഹാസന് പ്രസംഗത്തില്‍ വിശദീകരിച്ചു. ഈ പരാമര്‍ശത്തില്‍ കമല്ഹാസന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കാണിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
Post Your Comments