പാലക്കാട് : അസമില്‍നിന്നു കേരളത്തിലേക്കു മനുഷ്യക്കടത്തു നടക്കുന്നതായി പരാതി. സംഘത്തില്‍നിന്നു രക്ഷപ്പെട്ട ഒരു പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും റെയില്‍വേ പൊലീസും ഇടപെട്ടു സുരക്ഷിത താവളത്തിലേക്കു മാറ്റി. 5 പെണ്‍കുട്ടികളെ അസം സ്വദേശിയായ സ്ത്രീ കേരളത്തില്‍ എത്തിച്ചെന്നാണു സൂചന. മറ്റുള്ളവരെ കണ്ടെത്താന്‍ ശ്രമം തുടരുന്നു. കേരളത്തിലെ ഒരു പ്ലൈവുഡ് കമ്പനിയിലേക്കു ജോലിക്കെന്ന പേരില്‍ എത്തിച്ച പെണ്‍കുട്ടികളെ വില്‍ക്കാന്‍ ശ്രമമുണ്ടായെന്നാണു റെയില്‍വേ പൊലീസിനു ലഭിച്ച സൂചന. റെയില്‍വേ പൊലീസും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും കുട്ടിയോടു വിവരങ്ങള്‍ തേടി. ജോലി സ്ഥലത്തു ദുരനഭവമുണ്ടായെന്നും പേടിച്ചാണു പൊലീസിന്റെ അടുത്തേക്ക് എത്തിയതെന്നും കുട്ടി പറഞ്ഞു.
ഈ മാസം നാലിനു പാലക്കാട് ജംക്ഷന്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. പെണ്‍കുട്ടി രക്ഷപ്പെട്ടു പൊലീസിന്റെ പക്കലെത്തുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ എം. രാജേഷിന്റെ പരാതിയുടെയും അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസ് മനുഷ്യക്കടത്തിനു കേസ് എടുത്തു. സിഡബ്ലിയുസി കുട്ടിക്കു കൗണ്‍സലിങ് നല്‍കി. അന്യ സംസ്ഥാനങ്ങളിലെ നിര്‍ധന കുടുംബങ്ങളില്‍ നിന്ന് ഇത്തരം ജോലി വാഗ്ദാനങ്ങള്‍ നല്‍കി പെണ്‍കുട്ടികളെ വില്‍ക്കുന്ന സംഘം സംസ്ഥാനത്ത് കൂടുതല്‍ ഉള്ളതായാണ് പ്രാഥമിക വിവരം. ആരാണ് ഇതിന്റെ ഇട നിലക്കാര്‍ ആര്‍ക്കുവേണ്ടിയാണ് പെണ്‍കുട്ടികളെ എത്തിക്കുന്നത് തുടങ്ങിയയ കാര്യങ്ങളിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
Post Your Comments