Latest NewsKerala

ഉത്തരക്കടലാസ് തിരുത്തിയ സംഭവം; ഡിജിപിക്ക് പരാതി നല്‍കി, തുടര്‍ നടപടികള്‍ ഇങ്ങനെ

കോഴിക്കോട്: കോഴിക്കോട് നീലേശ്വരം സ്‌കൂളില്‍ അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ സമഗ്ര പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ഹയര്‍ സെക്കന്ററി ഡയറക്ടര്‍ ഡിജിപിക്ക് പരാതി നല്‍കി. സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നുവെന്ന് പരാതിയില്‍ പറയുന്നു. അധ്യാപകന്‍ അടക്കം സസ്പെന്‍ഡ് ചെയ്യപ്പെട്ട മൂന്ന് പേര്‍ക്കെതിരെയും കേസ് എടുക്കണം എന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

പരീക്ഷ കഴിഞ്ഞാല്‍ ഉച്ചയോടെ ഉത്തരക്കടലാസുകള്‍ സീല്‍ ചെയ്ത് മൂല്യനിര്‍ണ്ണയത്തിനായി അയക്കണം. ഗ്രാമീണ മേഖലയിലെ സ്‌കൂളുകള്‍ക്ക് അടുത്ത ദിവസം രാവിലെ വരെ സമയം നല്‍കാറുണ്ട്. മാര്‍ച്ച് 21 ന് രാവിലെയാണ് പ്ലസ് ടു ഇംഗ്ലീഷ് പരീക്ഷയും പ്ലസ് വണ്ണിലെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരീക്ഷയും നടന്നത്. തൊട്ടടുത്ത ദിവസം പരീക്ഷകള്‍ ഒന്നുമില്ലായിരുന്നു. ഈ അവസരം മുതലെടുത്ത് അധ്യാപകനായ നിഷാദ് വി മുഹമ്മദ് നാല് ഉത്തരക്കടലാസുകള്‍ മാറ്റി എഴുതുകയും 32 എണ്ണത്തില്‍ തിരുത്തല്‍ വരുത്തുകയും ചെയ്തു.

അധ്യാപകര്‍ നേരത്തെയും ഉത്തരക്കടലാസുകളില്‍ തിരുത്തല്‍ വരുത്തിയതായി സംശയം ഉന്നയിക്കപ്പെടുന്നുണ്ട്. ഇക്കാര്യം കൂടി അന്വേഷിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയില്‍ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തും. കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ ആള്‍മാറാട്ടം അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ തന്നെ പൊലീസ് ചുമത്തിയേക്കും. വിജയശതമാനം കൂട്ടാനാണ് നീലേശ്വരം സ്‌കൂളിലെ പ്രിന്‍സിപ്പാളും അധ്യാപകനും ഉത്തരക്കടലാസുകളില്‍ തിരുത്തല്‍ വരുത്തിതയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക നിഗമനം.

മുന്‍ വര്‍ഷങ്ങളിലും ഇതേ രീതിയില്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയതായാണ് വിദ്യാഭ്യാസ വകുപ്പിന്റെ സംശയം. ഉത്തരക്കടലാസുകള്‍ തിരുത്താനായി പ്രിന്‍സിപ്പാള്‍ കെ റസിയയും അധ്യാപകന്‍ നിഷാദ് വി മുഹമ്മദും വ്യക്തമായ ആസൂത്രണം നടത്തിയതായി വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് യുഡിഎഫും ബിജെപിയും. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫും ബിജെപിയും പ്രതിഷേധ മാര്‍ച്ച് നടത്തി.

shortlink

Related Articles

Post Your Comments


Back to top button