ദുബായ് : യുഎഇയുടെ കിഴക്കന്‍ തീരത്തിനു സമീപം ചരക്കു കപ്പലുകള്‍ക്കു നേരെ ആക്രമണമുണ്ടായതായി യുഎഇ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. നാലു കപ്പലുകളാണ് ആക്രമണത്തില്‍ നശിച്ചിരിക്കുന്നത്. കൂടാതെ ആക്രമണത്തില്‍ സൗദിയുടെ രണ്ട് ഓയില്‍ ടാങ്കറുകള്‍ക്ക് വലിയ നാശനഷ്ടമുണ്ടായി. മേഖലയിലൂടെയുള്ള ചരക്കുനീക്കം അട്ടിമറിക്കാന്‍ ഇറാനോ അവരുമായി ബന്ധമുള്ളവരോ ശ്രമിക്കുമെന്ന അമേരിക്കന്‍ മുന്നറിയിപ്പു നിലനില്‍ക്കെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഫുജൈറ തുറമുഖത്തിനു കിഴക്ക് ഉണ്ടായ ആക്രമണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഇത്തരം ഭീഷണി ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ഇവിടേയ്ക്ക് വിമാനവാഹിനിക്കപ്പലും ബോംബര്‍ വിമാനങ്ങളും അയച്ചിരിക്കുന്നത്. സൗദിയില്‍നിന്ന് അമേരിക്കയിലേക്ക് എണ്ണ കൊണ്ടുപോയ കപ്പലുകളാണ് ആക്രമിക്കപ്പെട്ടിരിക്കുന്നതെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. യുഎഇ തുറമുഖത്തിനു സമീപം സ്ഫോടനമുണ്ടായതായി ഇറാന്‍, ലെബനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ യുഎഇ ഇതു നിഷേധിച്ചു. മേഖലയിലുള്ള അമേരിക്കയുടെ അഞ്ചാം കപ്പല്‍ പടയും ഇതിനോടു പ്രതികരിച്ചിട്ടില്ല.ആക്രമണ സാധ്യത ഉണ്ടെന്ന അറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ സുരക്ഷ ക്രമീകരണങ്ങള്‍ നടത്തവെയാണ് ഇത്തരമൊരു ആക്രമണം നടന്നത്. ഇത് ചരക്കു നീക്കത്തെ സാരമായി ബാധിച്ചേക്കാമെന്നാണ് അധികൃതര്‍ പറയുന്നത്.
Post Your Comments