Latest NewsIndia

വനിതകളെ സ്വാധീനിച്ച് വോട്ട് ചെയ്യിച്ചെന്ന് ആരോപണം; ദൃശ്യങ്ങള്‍ പുറത്ത്

ഫരീദാബാദ് : ആറാംഘട്ട വോട്ടെടുപ്പിനിടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച പോളിങ് ഏജന്റ് അറസ്റ്റില്‍. സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട വിഡിയോയുടെ അടിസ്ഥാനത്തിലാണ് ഹരിയാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുത്തത്. പ്രിതാല ലോക്‌സഭ മണ്ഡലത്തിലെ ഫരീദാബാദില്‍ അസൗട്ടി പോളിങ് ബൂത്തിലാണു സംഭവം.

സ്ത്രീകള്‍ വോട്ടുചെയ്യാനായി വരിനില്‍ക്കുന്നതിനിടെ നീല ഷര്‍ട്ടിട്ട വ്യക്തി വോട്ടിങ് മെഷീന് അടുത്തുചെന്ന് വോട്ടുചെയ്യാന്‍ സഹായിക്കുന്നതാണ് ദൃശ്യങ്ങളില്‍. സ്ത്രീ വോട്ടുചെയ്യാനായി നില്‍ക്കുമ്പോള്‍ അടുത്തുചെല്ലുന്ന വ്യക്തി അവര്‍ വോട്ടു ചെയ്തതിനുശേഷം മാത്രമാണ് തിരികെ പോരുന്നത്. ട്വിറ്ററില്‍ ഒട്ടേറെപ്പേരാണ് ഹരിയാന തിരഞ്ഞെടുപ്പ് കമ്മിഷനെ ടാഗ് ചെയ്ത് വിഡിയോ പോസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

മറ്റു രണ്ടുപേരെ കൂടി അയാള്‍ ഇത്തരത്തില്‍ സഹായിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. അതേസമയം, ഒപ്പമുള്ള മറ്റേതെങ്കിലും ഒരു ഉദ്യോഗസ്ഥന്‍ ഇയാള്‍ വോട്ടിങ് മെഷീനു സമീപത്തേക്കു പോകുന്നത് തടയുന്നില്ല. അതേസമയം, വിഡിയോ ശ്രദ്ധയില്‍പെട്ടയുടന്‍ നടപടി എടുത്തുവെന്നും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഫരീദാബാദിലെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസ് ട്വിറ്ററില്‍ കുറിച്ചു. ഉത്തരവാദിയായ വ്യക്തി ജയിലിലാണ്. മൂന്നു വനിതാ വോട്ടര്‍മാരെ ഇയാള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഓഫിസ് സ്ഥിരീകരിക്കുന്നു.

ഈ ബുത്തില്‍ നിന്നും മറ്റ് പരാതികളൊന്നും ഇതുവരെ വന്നിട്ടില്ല. കള്ളവോട്ടും മറ്റും നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലും അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ ബൂത്തില്‍ സമാധാനപരമായി തന്നെ തടസ്സങ്ങളൊന്നുമില്ലാതെയാണ് പോളിങ് നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button