തൃശ്ശൂര്‍: തൃശൂര്‍ പൂരം വിശ്വപ്രസിദ്ധമാണ്. ലോകത്തിന്റെ നാനാകോണിലും തൃശൂര്‍ പൂരം എന്നും വിസ്മയമാണ്. പൂരം കാണാനായി മാത്രം യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നും വിദേശികളടക്കം നാടിന്റെ നാനാ ഭാഗത്തുനിന്നുമായി ലക്ഷങ്ങളാണ് തൃശൂരിലേയ്ക്ക് ഒഴുകിയെത്തുന്നത്. തൃശൂര്‍ പൂരം എന്നത് ഒരുവിഭാഗത്തിന്റെ മാത്രം ഉത്സവമല്ല. ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലീമെന്നോ ജാതിമത വ്യത്യാസമില്ലാതെ പൂരത്തെ നെഞ്ചിലേറ്റുന്ന വലിയൊരു ജനതയാണ് തൃശൂരുള്ളത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാന്‍ സാധ്യത കുറവാണെന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ പൂരപ്രേമികള്‍ അതിവൈകാരികമായി പ്രതികരിച്ചതിന്റെയും കാരണം മാറ്റൊന്നല്ല. അത്രമേല്‍ ആ ജനത പൂരത്തെ നെഞ്ചിലേറ്റിയിരുന്നു.
ഇത്രയധികം പ്രത്യേകതകള്‍ ഉള്ള തൃശ്ശൂര്‍ പൂരത്തെ അവഹേളിച്ചു കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ഒരു യുവാവ് രംഗത്തെത്തിയതാണ് സൈബര്‍ യുദ്ധത്തിന് വരെ വഴിതെളിച്ചിരിക്കുന്നത്. ഫഹദ് കെപി എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് തൃശ്ശൂര്‍ പൂരത്തെ തീര്‍ത്തും അവഹേളിച്ചു കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. തെറിവാക്കുകള്‍ ഉപയോഗിച്ചു കൊണ്ടായിരുന്നു ഫഹദിന്റെ പ്രതികരണം. ഇതോടെ ഇയാള്‍ക്കെതിരെ പൂരപ്രേമികളുടെ രോഷം അണപൊട്ടി ഒഴുകി. സ്‌ക്രീന്‍ഷോട്ട് അടക്കം സോഷ്യല്‍ മീഡിയയില്‍ പറന്നു നടന്നു. മോശം പോസ്റ്റിട്ടുകൊണ്ട് അവഹേളിച്ച യുവാവിനെതിരെ പ്രതികരിക്കണം എന്നതായിരുന്നു സോഷ്യല്‍ മീഡിയയിലെ ആഹ്വാനം.
ഫഹദിന്റെ കമന്റും ഫേസ്ബുക്കു ലിങ്കും സഹിതം ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ വിളിച്ച് പ്രതിഷേധം അറിയിക്കുക എന്നതായിരുന്നു പൂരം പ്രേമികള്‍ ചെയ്തത്. എം എം മോട്ടേഴ്സിലെ ജീവനക്കാരനായിരുന്നു ഫഹദ്. പൂരത്തെ അവഹേളിച്ചതിലുള്ള പ്രതിഷേധം എന്ന നിലയില്‍ എം എം മോട്ടേഴ്സിനെ ഫോണില്‍ വിളിച്ചും മാരുതി സുസുക്കിയുടെ പേജില്‍ കയറിയുമായിരുന്നു പ്രതിഷേധം. എ എം മോട്ടേഴ്സിനെ നേരില്‍ വിളിച്ച് പ്രതിഷേധിക്കാം എന്ന അഭ്യര്‍ത്ഥന കൂടി വന്നതോടെ സ്ഥാപനത്തിലേക്കും പ്രതിഷേധ ഫോണ്‍വിളികള്‍ എത്തി.
പൂരപ്രേമികളുടെ ആവശ്യം യുവാവിനെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കണം എന്നതായിരുന്നു. ഒടുവില്‍, പ്രതിഷേധം വിജയം കണ്ടു. അവഹേളിച്ചു പോസ്റ്റിട്ട ഫഹദിനെ ഒടുവില്‍ ടെര്‍മിനേറ്റു ചെയ്യുന്നതായി കാണിച്ച് എ എം മോട്ടേഴ്സ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇതോടെയാണ് പ്രതിഷേധത്തിന് അല്‍പ്പം ശമനം വന്നത്. എ എം മോട്ടേഴ്സിലെ ടീം ലീഡര്‍ സ്ഥാനത്തു നിന്നുമാണ് യുവാവിനെ പുറത്താക്കിയത്.
ഫഹദിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ അപാകത ചൂണ്ടിക്കാട്ടികൊണ്ടാണ് പുറത്താക്കിയ ലെറ്ററും നല്‍കിയത്. ഫഹദിന്റെ പ്രവര്‍ത്തി സ്ഥാപനത്തിന്റെ സല്‍പ്പേരിനെ ബാധിച്ചെത്തും ഇത്തരം പ്രവൃത്തി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ടെര്‍മിനേഷന്‍ ലെറ്ററില്‍ എ എം മോട്ടേഴ്സ് വ്യക്തമാക്കി. ഇന്ന് രാവിലെയാണ് ടെര്‍മിനേഷന്‍ ലെറ്റര്‍ നല്‍കിയത്. സോഷ്യല്‍ മീഡിയയിലെ മോശം പെരുമാറ്റത്തിന് യുവാവിന്റെ ജോലിയും നഷ്ടമായി. അതേസമയം യുവാവിനെ പുറത്താക്കിയ സ്ഥാപനത്തെ അഭിനന്ദിച്ചു കൊണ്ട് പൂരം പ്രേമികളും രംഗത്തുണ്ട്.
Post Your Comments