പാലോട് : സൈബർസെൽ പോലീസ് ചമഞ്ഞു വീട്ടമ്മയുടെ കയ്യിൽനിന്നും പത്ത് ലക്ഷം രൂപ തട്ടിയയാൾ പിടിയിൽ. മടത്തറ ഇലവുപാലം തേരിയിൽ ബർക്കത്ത് മൻസിലിൽ അബ്ദുൽഷിബു(44)വാണ് പിടിയിലായത്. ഒന്നര വർഷം മുൻപാണ് സംഭവം. പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന ഇയാൾ കഴിഞ്ഞ ദിവസം നാട്ടിലെത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. തിരുവനന്തപുരം എയർപോർട്ടിൽ പ്രതി ഇറങ്ങിയപ്പോൾ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പ്രതിയും സംഘവും പാലോട് സ്വദേശിയായ വീട്ടമ്മയെ നിരന്തരം ഫോണിൽ വിളിക്കുകയും കുടുംബത്തിന്റെ നഗ്ന ഫോട്ടോകളും വീഡിയോയും സൈബർ സെല്ലിനു കിട്ടിയതായും ഇത് നശിപ്പിച്ചു കളയാൻ സർക്കാരിലേക്ക് 10ലക്ഷം കെട്ടിവയ്ക്കണമെന്നും പറഞ്ഞു. ഇങ്ങനെ രണ്ടുതവണയായി പത്ത് ലക്ഷം രൂപ തട്ടി ആർഭാട ജീവിതം നയിക്കുകയായിരുന്നു.മറ്റു പ്രതികളെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.
Post Your Comments