ComputerEducationTechnologyEducation & Career

രണ്ടു ലക്ഷത്തിലധികം കമ്പ്യൂട്ടറുകൾക്കായി കൈറ്റിന്റെ പുതിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളിലെ കമ്പ്യൂട്ടറുകളിൽ വിന്യസിക്കുന്നതിനായി ‘ഐ.ടി.@സ്‌കൂൾ ഗ്‌നു/ലിനക്‌സ് 18.04’ എന്ന പേരിൽ പരിഷ്‌ക്കരിച്ച സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം കേരളാ ഇൻഫ്രാസ്ട്രക്ചർ & ടെക്‌നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) പുറത്തിറക്കി. സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിന്റെ 18.04 എൽ.ടി.എസ്. പതിപ്പ് അടിസ്ഥാനമാക്കിയാണിത്. സ്‌കൂളുകളിൽ കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ ഓപറേറ്റിങ്ങ് സിസ്റ്റം എന്ന നിലയിൽ മാത്രമല്ല, വീടുകളിൽ പൊതുവായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിസ്റ്റങ്ങളിലും, സർക്കാർ ഓഫീസുകൾ, ഓഫീസ് സോഫ്റ്റ്വെയർ ഉപയോഗിക്കുന്ന ഡി.ടി.പി സെന്ററുകൾ, ഇന്റർനെറ്റ് കിയോസ്‌കുകൾ, സോഫ്റ്റ്വെയർ നിർമ്മാതാക്കൾ, കോളേജ് വിദ്യാർഥികൾ, മറ്റു കമ്പ്യൂട്ടർ സേവന ദാതാക്കൾ തുടങ്ങിയവർക്കും സമ്പൂർണ കമ്പ്യൂട്ടിങ്ങ് പ്ലാറ്റ്‌ഫോമായി ഈ ഓപറേറ്റിങ്ങ് സിസ്റ്റം സൗജന്യമായി ഉപയോഗിക്കാനാകും.

ഉബുണ്ടു 18.04 റെപ്പോസിറ്ററിയിൽ ഇല്ലാത്ത മറ്റു പല സ്വതന്ത്ര സോഫ്റ്റ്വെയറുകളും പുതിയ സോഫ്റ്റ്‌വെയർ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിക്ക സോഫ്റ്റ്വെയറുകളും ഏറ്റവും പുതിയ വേർഷനുകളിലേക്ക് അപ്‌ഡേറ്റു ചെയ്യുകയും, സ്‌കൂൾ പാഠ്യപദ്ധതിക്കനുസരിച്ച് കസ്റ്റമൈസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മലയാളം കമ്പ്യൂട്ടിങ് സാധ്യമാക്കുന്നതിന് വിപുലമായ മലയാളം യൂണികോഡ് ഫോണ്ട് ശേഖരം തന്നെ ഇതിൽ സജ്ജീകരിച്ചിട്ടുമുണ്ട്. സ്‌കൂൾ ഐ.സി.ടി പാഠപുസ്തകങ്ങളിൽ നിർദ്ദേശിക്കുന്ന സോഫ്റ്റ്വെയറുകളെ കൂടാതെ പൊതു ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന സോഫ്റ്റ്വെയറുകളുടെ ബൃഹത്തായ ഒരു ശേഖരം തന്നെ ‘ഐ.ടി.@സ്‌കൂൾ ഗ്‌നു/ലിനക്‌സ് 18.04’ ൽ അടങ്ങിയിട്ടുണ്ട്.

ഓഫീസ് പാക്കേജുകൾ, ഭാഷാഇൻപുട്ട് ടൂളുകൾ, ഡാറ്റാബേസ് ആപ്ലിക്കേഷനുകൾ, ഡി.ടി.പി-ഗ്രാഫിക്‌സ്-ഇമേജ് എഡിറ്റിങ് സോഫ്റ്റ്‌വെയറുകൾ, സൗണ്ട് റിക്കോർഡിങ്-വീഡിയോ എഡിറ്റിങ്-ത്രീഡി അനിമേഷൻ പാക്കേജുകൾ, പ്രോഗ്രാമിങ്ങിനുള്ള ഐ.ഡി.ഇ.കൾ, ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം, ഡാറ്റാബേസ് സർവറുകൾ, മൊബൈൽ ആപ്പുകളുടെ ഡെസ്‌ക്ടോപ് വേർഷനുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ വിഷയങ്ങൾ ഐ.ടി ഉപയോഗിച്ച് പഠിക്കാനായി ഉപയോഗിക്കുന്ന അന്താരാഷ്ട്ര പ്രസിദ്ധമായ സ്വതന്ത്രസോഫ്റ്റ്‌വെയറുകളായ ജിയോജിബ്ര, ഫെറ്റ്, സ്റ്റെല്ലേറിയം, കാൽസ്യം, മാർബിൾ, രാസ്‌മോൾ, ജീപ്ലെയ്റ്റ്‌സ്, ഗെമിക്കൽ, ജികോമ്പ്രിസ്, പൈസിയോ ഗെയിം, ജെ-ഫ്രാക്ഷൻലാബ്, തുടങ്ങിയവ കസ്റ്റമൈസ് ചെയ്തും ലോക്കലൈസ് ചെയ്തുമാണ് ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൈറ്റ് വിക്ടേഴ്‌സ്, സമഗ്ര പോർട്ടൽ, സ്‌കൂൾ വിക്കി സൈറ്റുകളിലേക്ക് നേരിട്ടുതന്നെ ഊ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്നുമെത്താം.

ഇതെല്ലാം ഉടമസ്ഥാവകാശമുള്ള (പ്രൊപ്രൈറ്ററി) ആപ്ലിക്കേഷനുകളാണെങ്കിൽ കമ്പ്യൂട്ടർ ഒന്നിന് ചുരുങ്ങിയത് ഒന്നര ലക്ഷം രൂപ ലൈസൻസ് ഇനത്തിൽ നൽകേണ്ടി വരുമായിരുമായിരുന്നു. കാലാകാലങ്ങളായുള്ള അപ്‌ഡേഷനുകൾ വേണ്ടി വരുന്ന അധിക ചെലവ് ഇതിനു പുറമെയാണ്. ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി വിന്യസിച്ച 60,000 ലാപ്‌ടോപ്പുകളിലും പുതിയ ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി ജൂണിൽ വിന്യസിക്കുന്ന 55,000 ലാപ്‌ടോപ്പുകളിലും ഉൾപ്പെടെ സ്‌കൂളുകൾക്കുള്ള രണ്ടുലക്ഷത്തിലധികം കമ്പ്യൂട്ടറുകളിൽ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വിന്യാസം അടുത്ത അദ്ധ്യന വർഷത്തിനു മുമ്പുതന്നെ പൂർത്തിയാക്കുമെന്ന് കൈറ്റ് വൈസ് ചെയർമാൻ & എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.അൻവർ സാദത്ത് അറിയിച്ചു. രണ്ടു ലക്ഷത്തിലധികം കമ്പ്യൂട്ടറുകളിൽ ഒന്നരലക്ഷം രൂപ കണക്കാക്കി മൂവായിരം കോടി രൂപയുടെ സാമ്പത്തിക ലാഭം ഇതുവഴി ലഭിക്കും. സാമ്പത്തിക ലാഭത്തിനുപരി ആവശ്യാനുസരണം പങ്കുവക്കാനും മാറ്റം വരുത്താനും മാറ്റം വരുത്തി പ്രസിദ്ധീകരിക്കാനും സ്വതന്ത്രസോഫ്റ്റ്വെയർ കൊണ്ട് സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സൗകര്യം.

ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ (ഇപ്പോൾ കൈറ്റ്) നേതൃത്വത്തിൽ നടന്നുവരുന്ന ഐ.സി.ടി പ്രവർത്തനങ്ങൾ ലോകത്തിലെതന്നെ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ സ്വതന്ത്ര സോഫ്റ്റ്വെയർ വിന്യാസ പദ്ധതിയായി മാറിയിട്ടുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതുകൊണ്ടു മാത്രമാണ് സ്‌കൂൾ തലത്തിൽ ഇത്ര വിപുലമായ ഐ.ടി. പ്രവർത്തനങ്ങൾ കേരളത്തിൽ നടത്താൻ സാധിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും സ്വതന്ത്ര സോഫ്റ്റ്വെയറിൽ തന്നെ പഠനവും പരിശീലനവും നിർബന്ധമാക്കി നടത്തണമെന്ന് സർക്കാർ ഉത്തരവുണ്ട്.

കൈറ്റിന്റെ www.kite.kerala.gov.in വെബ്‌സൈറ്റിൽ നിന്നും സർവീസസ്-> ഡൗൺലോഡ് ലിങ്ക് വഴി പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം സൗജന്യമായി ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ വഴി വിപുലമായ തോതിൽ പൊതുജനങ്ങൾക്കും സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു നൽകാൻ കൈറ്റ് സംവിധാനമൊരുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button