തിരുവനന്തപുരം : എപ്പോഴും വിവാദങ്ങള്‍ക്ക് വഴിവെക്കുന്ന നിയമ നടപടിയാണ് കയ്യേറ്റ ഭൂമി ഒഴിപ്പിക്കുക എന്നത്. ഇപ്പോഴിതാ സര്‍ക്കാര്‍ വീണ്ടും ആ യജ്ഞവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ കയ്യേറ്റ ഭൂമിയുടെയും വിവരം ശേഖരിക്കാന്‍ റവന്യു വകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്. വില്ലേജുകളില്‍ നിന്നു ശേഖരിക്കുന്ന വിവരം ജില്ലാ തലത്തില്‍ ക്രോഡീകരിച്ചു സര്‍ക്കാരിനു കൈമാറണം. ഒരു മാസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കയ്യേറ്റ ഭൂമിയുടെ അന്തിമ പട്ടിക തയാറാക്കാനാണ് വില്ലേജ് ഓഫിസര്‍മാര്‍, തഹസില്‍ദാര്‍മാര്‍, കലക്ടര്‍മാര്‍, ലാന്‍ഡ് റവന്യു കമ്മിഷണര്‍ എന്നിവരോടു റവന്യു സെക്രട്ടറി വി. വേണു ആവശ്യപ്പെട്ടിരിക്കുന്നത്. മാര്‍ച്ചില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ കൈമാറിയ കുറിപ്പിന്റെ അടിസ്ഥാനത്തിലാണു നടപടി. കേരള ഭൂസംരക്ഷണ നിയമം (1957), ഭൂസംരക്ഷണ ചട്ടം (1958), ഭൂസംരക്ഷണ ഭേദഗതി നിയമം (2009) എന്നിവ പ്രയോഗിച്ചാകും കയ്യേറ്റ ഭൂമി ഒഴിപ്പിക്കുക.
ഏറ്റവും അധികം ഭൂമികയ്യേറ്റം നടന്നിരിക്കുന്നത് ഇടുക്കിയിലാണ്. ഡിസംബറില്‍ സര്‍ക്കാര്‍ തയാറാക്കിയ കണക്കുപ്രകാരം 213.67 ഹെക്ടര്‍ (528 ഏക്കര്‍) ഭൂമിയാണു പലരായി കയ്യേറി വച്ചിരിക്കുന്നത്. എന്നാല്‍ ഇതു യഥാര്‍ഥ കയ്യേറ്റത്തേക്കാള്‍ വളരെ കുറവാണെന്നാണു നിഗമനം. 2537 കയ്യേറ്റ കേസുകള്‍ അന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ 665 പേരെ ഒഴിപ്പിച്ചു. അന്നത്തെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ കയ്യേറ്റം ഇടുക്കി ജില്ലയിലായിരുന്നു: 179 ഹെക്ടര്‍. മറ്റു ജില്ലകളിലെ കണക്ക്: എറണാകുളം 6.15 ഹെക്ടര്‍, തൃശൂര്‍ 5.44, തിരുവനന്തപുരം 4.71, പാലക്കാട് 3.89, മലപ്പുറം 2.30, ആലപ്പുഴ 2.22, പത്തനംതിട്ട 1.54, വയനാട് 1.38, കൊല്ലം 1.15, കോഴിക്കോട് 0.32, കണ്ണൂര്‍ 0.30, കോട്ടയം 0.12, കാസര്‍കോട് 0.08. പുതിയ കയ്യേറ്റങ്ങള്‍ കണ്ടെത്തി തടയാന്‍ ജില്ലാ തലത്തില്‍ ഡപ്യൂട്ടി കലക്ടര്‍മാരുടെയും താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാരുടെയും സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നെങ്കിലും പഴയ കയ്യേറ്റം ഒഴിപ്പിക്കാന്‍ ഇവര്‍ താല്‍പര്യം കാട്ടാറില്ല.
ഉപയോഗിക്കാതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി, സര്‍ക്കാര്‍ പുറമ്പോക്ക്, വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളും അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി, ഉടമസ്ഥരില്ലാത്ത ഭൂമി, അന്യാധീനപ്പെട്ട ഭൂമി, കാലങ്ങളായി കാടുകയറിക്കിടക്കുന്ന ഭൂമി എന്നിവയുടെ പട്ടികയും തയാറാക്കണം. റവന്യു ഓഫിസുകളിലുള്ള പുറമ്പോക്ക് റജിസ്റ്ററില്‍ ഉള്‍പ്പെട്ട ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥ പ്രത്യേകം രേഖപ്പെടുത്തണം. കയ്യേറ്റഭൂമി തിരിച്ചുപിടിക്കാന്‍ താഴേത്തട്ടില്‍ വേണ്ട നടപടി ഇപ്പോള്‍ തന്നെ സ്വീകരിക്കാമെന്നും ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചു.പുറമ്പോക്കു ഭൂമിയിലും കുടിയേറ്റ ഭൂമിയിലും താമസിക്കുന്ന 1,03,313 പേര്‍ക്ക് ഈ സര്‍ക്കാര്‍ വന്ന ശേഷം പട്ടയം നല്‍കിയിട്ടുണ്ടെന്നാണു കണക്ക്.
Post Your Comments