ഗോരഖ്പൂര്‍: ബിജെപി ജനാധിപത്യത്തിന് അപകടകരമാണെന്ന് ലോകം മുഴുവന്‍ പറയുന്നതായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ടൈം മാഗസിന്റെ കവര്‍ സ്‌റ്റോറി ചൂണ്ടിക്കാട്ടിയായിരുന്നു അഖിലേഷിന്റെ പരാമര്‍ശം.
ലോകത്തിലെ ഏറ്റവും വലിയ മാഗസിനായ ടൈം പോലും പറയുന്നു സമൂഹത്തെ വിഭജിക്കുന്ന കൂട്ടരാണ് ഇവരെന്ന്. ബിജെപിക്കാര്‍ പറയുന്ന അച്ഛേ ദിന്‍ ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. ബിജെപിയുടെ അടിത്തറ തന്നെ അസത്യവും വെറുപ്പുമാണ്. സഖ്യകക്ഷികള്‍ക്ക് മാത്രമേ ഇത് തകര്‍ക്കാനാകൂകയുള്ളുവെന്നും അഖിലേഷ് പറഞ്ഞു.
ഗോരഖ്പൂരിലെ സ്ഥാനാര്‍ഥി രാം ബുവല്‍ നിഷാദിന് വേണ്ടി റാലിയില്‍ സംസാരിക്കവെയാണ് അഖിലേഷിന്റെ പരാമര്‍ശം. ബിജെപിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ ഇതുവരെയുള്ള അഞ്ച് ഘട്ട തിരഞ്ഞെടുപ്പുകളിലൂടെ ഉത്തര്‍ പ്രദേശില്‍ നിന്നും ജനങ്ങള്‍ തുടച്ചു നീക്കിയതായി അഖിലേഷ് പറഞ്ഞു.
ഏഴാം ഘട്ടത്തിലാണ് ഗോരഖ്പൂരിലെ പോളിംഗ്. ”സഖ്യകക്ഷികളുടെ ഘട്ടമാണിത്. ബിജെപി അക്കൗണ്ട് തുറക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ടാണ് മുന്‍ സര്‍ക്കാരുകള്‍ക്കെതിരെ മോദി ആരോപണം ഉന്നയിക്കുന്നത്. ഇതുതന്നെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും ചെയ്യുന്നത്. പിരിച്ചു വിട്ട ഒരു ജവാനെ പോലും ഭരിക്കുന്ന പാര്‍ട്ടി പേടിക്കുന്നുവെങ്കില്‍ തീവ്രവാദത്തെ എങ്ങനെയാണ് നേരിടുകയെന്നും അദ്ദേഹം ചോദിച്ചു.
പശു സംരക്ഷകരുടെ ആക്രമണത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ അവര്‍ക്ക് സാധിക്കുമെങ്കില്‍ അത് തന്നെയാണ് വലിയ കാര്യം. തീവ്രവാദം ഉപേക്ഷിക്കൂ. കഴിഞ്ഞ രണ്ടു മൂന്ന് മാസത്തിനിടെ ഗോ സംരക്ഷകര്‍ നടത്തിയ ആക്രമണങ്ങളില്‍ മാത്രം 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത്തരം സമാനമായ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയാണ് ഇതിന് ഉത്തരവാദി. ഇത്തരം സംഭവങ്ങളില്‍ സര്‍ക്കാരിനെതിരെ കേസെടുക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെയും അഖിലേഷ് വിമര്‍ശനമുന്നയിച്ചു. അദ്ദേഹം എന്നെ ഗുണ്ടകളുടെ രാജാവ് എന്ന് വിളിച്ചു, പക്ഷേ എനിക്ക് തോന്നുന്നത് അദ്ദേഹം തനിക്കെതിരെയും ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യക്കെതിരെയുമുള്ള കേസുകളുടെ പകര്‍പ്പുകള്‍ കണ്ടിട്ടില്ലെന്ന്. അവ പരിശോധിച്ചാല്‍ മനസ്സിലാകും ഇവര്‍ക്കും രണ്ടു പേര്‍ക്കുമെതിരെയുള്ള കേസുകള്‍ പോലെ വേറെ ആര്‍ക്കെതിരെയും കേസുകള്‍ കോടതിയില്‍ ഉണ്ടാകില്ലെന്ന്. അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
Post Your Comments