Latest NewsKerala

വികസനം വേണം; ശാന്തിവനം പദ്ധതിയില്‍ നിന്ന് കെഎസ്ഇബി പിന്മാറില്ലെന്ന് എം.എം മണി

കൊച്ചി: ശാന്തിവനത്തിനകത്തു കൂടി വൈദ്യുതി ലൈന്‍ വലിക്കുന്ന പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ നിലവില്‍ കെഎസ്ഇബിക്ക് കഴിയില്ലെന്ന് വൈദ്യുത മന്ത്രി എം.എം മണി. ഇക്കാര്യത്തില്‍ മുന്‍ നിലപാടില്‍ നിന്ന് മാറ്റം വരുത്താനില്ലെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി കെഎസ്ഇബി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

ശാന്തിവനം ഉടമസ്ഥ നല്‍കിയ പരാതിയില്‍ കോടതി നിലപാട് എടുക്കട്ടെ എന്നും മന്ത്രി പ്രതികരിച്ചു. അതുവരെ പണി നിര്‍ത്തി വെയ്ക്കാന്‍ സാധിക്കില്ല .വ്യക്തികള്‍ക്ക് ഉണ്ടാകുന്ന നാശം പരിഗണിച്ചാല്‍ നാട്ടില്‍ വികസനം മുന്നോട്ട് പോകില്ലെന്ന വിശദീകരണമാണ് ഇക്കാര്യത്തില്‍ എംഎം മണി പറഞ്ഞത്.

അതേസമയം ഇന്നലെ ശാന്തിവനം സമരക്കാരുമായി എം.എം മണി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ശാന്തിവനത്തിലൂടെ വൈദ്യുത ലൈന്‍ വലിക്കുമെന്ന നിലപാടില്‍ വിട്ടുവീഴ്ച ഇല്ലെന്ന് കെഎസ്ഇബിയും തടയുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും നിലപാട് എടുത്ത സാഹചര്യത്തിലായിരുന്നു ചര്‍ച്ച. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് മന്ത്രി സമരസമിതിയെ അറിയിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം തള്ളുകയായിരുന്നു. ടവര്‍ നിര്‍മ്മാണം നിര്‍ത്തിയവയ്ക്കണമെന്നാവശ്യപ്പെട്ട് സമരസമിതി ടവര്‍ നിര്‍മ്മിക്കുന്ന സ്ഥലത്തേക്ക് കഴിഞ്ഞദിവസം മാര്‍ച്ച് നടത്തിരുന്നു. പ്രതിഷേധം അവഗണിച്ച് ടവറിന്റെ നിര്‍മ്മാണം അതിവേഗമാണ് മുന്നോട്ടുപോകുന്നത്. ടവറിന്റെ കാലുകള്‍ ഉറപ്പിയ്ക്കുന്നതിനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു.

ശാന്തിവനത്തെ ഒഴിവാക്കി മറ്റേതെങ്കിലും വഴിയിലൂടെ വൈദ്യുതി ലൈന്‍ സ്ഥാപിക്കണമെന്നാണ് സമരക്കാര്‍ പറയുന്നത്. ഇതേ ആവശ്യം സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും ഉന്നയിച്ചിരുന്നു. ശാന്തിവനത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നായിരുന്നു ശാന്തിവനം സംരക്ഷണ സമിതിയുടെ ആവശ്യം. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് കെഎസ്ഇബിയുടെ തീരുമാനം പുനഃപരിശോധിക്കുകയും ശാന്തിവനം സംരക്ഷിച്ചുകൊണ്ട് മന്നം ചെറായി 110 കെവി പദ്ധതി നടപ്പാക്കുകയും വേണമെന്നും സംരക്ഷണ സമിതി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button