കൊച്ചി: യാക്കോബായ സഭയിലെ ആഭ്യന്തര കലഹം രൂക്ഷമായി. സഭാധ്യക്ഷനായ ബസേലിയോട് തോമസ് പ്രഥമന്‍ ബാവയെ അനുകൂലിക്കുന്ന യുവജനവിഭാഗവും വിമതപക്ഷത്തെ യുവജനവിഭാഗവും തമ്മില്‍ സഭാ ആസ്ഥാനത്ത് കയ്യാങ്കളി. കഫ എന്ന സംഘടന പുനസംഘടിപ്പിക്കണമെന്ന സഭാധ്യക്ഷന്റെ കല്‍പ്പനയെ ചൊല്ലിയായിരുന്നു തര്‍ക്കം.
നിര്‍ജീവമായ കേഫാ യൂണിറ്റുകളുടെ പ്രവര്‍ത്തനം ഇടവകകളില്‍ സജീവമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി 22ന് ആണ് കാതോലിക്കാ ബാവ കല്‍പ്പന ഇറക്കിയത്. എന്നാല്‍ നിലവില്‍ സഭാ ഭരണം കയ്യാളുന്ന വിമതപക്ഷം കേഫാ എന്ന പേരില്‍ തന്നെ പുതിയ സംഘടന രൂപീകരിച്ചതാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. സംഘടനയുടെ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് നടക്കുന്നതിനിടെ പുത്തന്‍കുരിശിലേ സഭാ ആസ്ഥാനത്തേക്ക് ബാവ അനുകൂലികളായ യുവജനവിഭാഗം എത്തി. തുടര്‍ന്ന് ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയിലാണ് കലാശിച്ചത്.
നിലവില്‍ നില നില്‍ക്കുന്ന സംഘടനയുടെ പേരില്‍ തന്നെ പുതിയ സംഘടന രജിസ്റ്റര്‍ ചെയ്തതാണ് ബാവ അനുകൂലികളെ ചൊടിപ്പിച്ചത്. എന്നാല്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്കാണ്, സംഘടനയുടെ പേരിനല്ല പ്രാധാന്യം എന്ന് വിമതവിഭാഗവും പറയുന്നു.ആഭ്യന്തര കലഹത്തെ തുടര്‍ന്ന് ശ്രേഷ്ഠ ബാവ മെത്രാപൊലീത്തന്‍ ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് സഭയിലെ ആഭ്യന്തരതര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയത്.
Post Your Comments