Latest NewsKerala

പ്രതിച്ഛായയില്‍ ജോസഫിനെതിരായ ലേഖനം; കേരള കോണ്‍ഗ്രസിന്റെ അറിവോടെയല്ലെന്ന് സി എഫ് തോമസ്

കോട്ടയം: കോണ്‍ഗ്രസിനേയും പിജെ ജോസഫിനെയും രൂക്ഷമായി വിമര്‍ശിച്ച് കേരളാ കോണ്‍ഗ്രസ് മുഖമാസിക പ്രതിച്ഛായയില്‍ പ്രസദ്ധീകരിച്ച ലേഖനത്തെ തള്ളി കേരളാ കോണ്‍ഗ്രസ്(എം) ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസ്. പാര്‍ട്ടി മുഖമാസികയില്‍ ഇത്തരമൊരു ലേഖനം വന്നത് ഗൗരവകരമായ വിഷയമാണെന്നും സംഭവത്തെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷിക്കുമെന്നും സി എഫ് തോമസ് പറഞ്ഞു. കെ എം മാണി അന്തരിച്ചത് മുറിവുണങ്ങാത്ത മനസ്സുമായിട്ടായിരുന്നു എന്ന് വിശദീകരിക്കുന്ന ലേഖനമാണ് വിവാദമായിരിക്കുന്നത്. പത്രാധിപര്‍ ഡോ കുര്യാസ് കുമ്പളക്കുഴി എഴുതിയ ലേഖനത്തിലാണ് കെഎം മാണിയുടെ മരണശേഷം ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള തുറന്ന് പറച്ചിലുകള്‍ ഉള്ളത്.

അനവസരത്തിലാണ് കോണ്‍ഗ്രസിനെയും പി.ജെ ജോസഫിനെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പാര്‍ട്ടി മാസികയില്‍ ലേഖനം പ്രത്യക്ഷപ്പെട്ടതെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എയും വ്യക്തമാക്കി. ലേഖനം പ്രസിദ്ധീകരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷിക്കുമെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ബാര്‍ കോഴ വിവാദത്തിലടക്കം കോണ്‍ഗ്രസിനേയും പിജെ ജോസഫിനെയും വിമര്‍ശിച്ചു കൊണ്ടുള്ളതായിരുന്നു പത്രാധിപര്‍ ഡോ കുര്യാസ് കുമ്പളക്കുഴി എഴുതിയ ലേഖനം. തരം കിട്ടിയാല്‍ മാണിയെ തകര്‍ക്കണമെന്ന് ചിന്തിച്ചിരുന്നവരാണ് ചുറ്റും ഉണ്ടായിരുന്നത്. ‘കെട്ടിപ്പിടിക്കുമ്പോള്‍ കുതികാലില്‍ ചവിട്ടുന്നവര്‍’ എന്നാണ് ഇത്തരക്കാരെ കെഎം മാണി വിശേഷിപ്പിച്ചിരുന്നതെന്നും പ്രതിച്ഛായ പറയുന്നു. അമ്പത് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബാര്‍ കോഴക്കേസ് ശത്രുക്കള്‍ക്ക് മുന്നില്‍ വീണു കിട്ടുന്നത്. ഉറഞ്ഞു തുള്ളിയ ശത്രുക്കള്‍ക്കിടയില്‍ നിന്ന് ‘ഹാ ബ്രൂട്ടസേ നീയും’ എന്ന് സീസറെ പോലെ നിലവിളിക്കാനെ കെഎം മാണിക്ക് കഴിഞ്ഞുള്ളു എന്നും ലേഖനം പറയുന്നു.

ബാര്‍ കോഴ വിവാദം പൊട്ടിപ്പുറപ്പെട്ട 2014 ഒക്ടോബര്‍ 31 ന് കെഎം മാണി എന്ന രാഷ്ട്രീയ അതികായന്റെ കൊടിയിറക്കം തുടങ്ങിയെന്നും ലേഖനം എടുത്ത് പറയുന്നുണ്ട്. കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ പല ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും നേതാവിനെ ലക്ഷ്യമിട്ടുള്ള നീക്കം ഇതാദ്യമായിരുന്നു. ‘ഇടയനെ അടിക്കുക ആടുകള്‍ ചിതറട്ടെ’ എന്ന തന്ത്രമാണ് രാഷ്ട്രീയ എതിരാളികള്‍ പയറ്റിയത്

prathichaya
prathichaya

വേണ്ടിവന്നാല്‍ മന്ത്രി സ്ഥാനം രാജി വച്ച് പ്രതിഷേധിക്കാമെന്നും മന്ത്രി സഭയെ പുറത്തു നിന്ന് പിന്തുണയ്ക്കാമെന്നും കെഎം മാണിയും കേരളാ കോണ്‍ഗ്രസിനെ സ്‌നേഹിച്ചിരുന്നവരും മുന്നോട്ടു വച്ചു. അപ്പോള്‍ ഔസേപ്പച്ചന്‍ സമ്മതിക്കുമോ എന്നായിരുന്നു കെഎം മാണിയുടെ സന്ദേഹം. സാറു പറഞ്ഞാല്‍ സമ്മതിക്കുമെന്ന് എല്ലാവരും പറഞ്ഞു. പക്ഷെ അതുണ്ടായില്ലെന്നും അതിന്റെ കാരണം ഇപ്പോഴും ദുരൂഹമാണെന്നും പ്രതിച്ഛായ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button