തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊലീസുകാരുടെ തപാല്‍ വോട്ട് അട്ടിമറി സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രമക്കേടില്‍ പങ്കുണ്ടെന്നു കണ്ടെത്തിയ ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡോ വൈശാഖിനെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണം തുടരുന്ന മുറയ്ക്ക് കൂടുതല്‍ പൊലീസുകാരുടെ പങ്ക് തെളിഞ്ഞാല്‍ അവരെയും പ്രതിചേര്‍ക്കും. ക്രൈംബ്രാഞ്ച് തൃശൂര്‍ ഡിവൈഎസ്പി ഉല്ലാസിനാണ് കേസിന്റെ അന്വേഷണച്ചുമതല. പൊലീസ് തപാല്‍ വോട്ടില്‍ വ്യാപക ക്രമക്കേടു നടന്നെന്നും വിശദ അന്വേഷണം വേണമെന്നും ഇന്റലിജന്‍സ് മേധാവി ടി.കെ.വിനോദ് കുമാര്‍ നേരത്തേ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയുടെ ചുമതല വഹിക്കുന്നതും വിനോദ്കുമാര്‍ തന്നെയാണ്. ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനാലാണ് അദ്ദേഹം അന്വേഷണച്ചുമതലയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
സംസ്ഥാനത്തൊട്ടാകെ തട്ടിപ്പ് നടന്നു എന്നതുള്‍പ്പെടെ തപാല്‍ വോട്ട് വിവാദത്തിലെ മറ്റു വിഷയങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണത്തിന് ക്രൈംബ്രാഞ്ച് തൃശൂര്‍ എസ്പി സുദര്‍ശനെ ചുമതലപ്പെടുത്തി. ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം. ദക്ഷിണമേഖല എഡിജിപി മനോജ് ഏബ്രഹാമിനാണ് മേല്‍നോട്ടച്ചുമതല. മുന്‍വര്‍ഷങ്ങളില്‍ സമാനമായ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നും ക്രൈംബ്രാഞ്ച് പരിശോധിക്കും. തട്ടിപ്പ് സംസ്ഥാന വ്യാപകമായി നടന്നിട്ടുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മിഷനുമായി ആലോചിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അറിയിച്ചു. പൊലീസ് അസോസിയേഷന്റെ പങ്ക് വളരെ പ്രകടമായിത്തന്നെ റിപ്പോര്‍ട്ടിലുണ്ട്. വിശദ റിപ്പോര്‍ട്ട് 15നകം ലഭിക്കും.
ഇതേസമയം, വലിയ ക്രമക്കേട് തെളിഞ്ഞാലും പോസ്റ്റല്‍ വോട്ട് റദ്ദാക്കി വീണ്ടും നടത്തുക പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പൊലീസിനു പുറമേ ഒട്ടേറെ ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍നിന്ന് പൊലീസിന്റേതുമാത്രം കണ്ടെത്താനാവില്ല. എല്ലാവര്‍ക്കുമായി വീണ്ടും തപാല്‍ വോട്ടെടുപ്പ് എളുപ്പമല്ല. എന്നാല്‍ സംസ്ഥാന വ്യാപകമായി തട്ടിപ്പു വ്യക്തമായാല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അപൂര്‍വ നടപടികളിലേക്കു കടക്കാം. നേരിയ വോട്ട് വ്യത്യാസത്തിന് പരാജയപ്പെടുന്ന സ്ഥാനാര്‍ഥികള്‍, ക്രമക്കേട് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനും ഇടയുണ്ട്.കൂടാതെ സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് സിപിഎം ആണെന്നും ഇതിനായി സിപിഎം ഗൂഢാലോചന നടത്തിയതായും കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചിരുന്നു. പൊലീസിലെ പോസ്റ്റല്‍ വോട്ടുതിരിമറി സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി, കുറ്റക്കാരെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments