കോട്ടയം: ബലാത്സംഗക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് പാലാ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നീട്ടി നല്‍കി. കുറ്റപത്രത്തിന്റെയും അനുബന്ധ രേഖകളുടേയും പകര്‍പ്പ് നല്‍കി. കേസ് വീണ്ടും ജൂണ്‍ ഏഴിന് പരിഗണിക്കും. രാവിലെ അല്‍ഫോണ്‍സാമ്മയുടെ ഖബറിടത്തില്‍ പ്രാര്‍ഥന നടത്തിയതിന് ശേഷമാണ് ഫ്രാങ്കോ കോടതിയിലെത്തിയത്. മൊഴികളടങ്ങിയ ഡയറി വെച്ചാണ് ഫ്രാങ്കോ മുളക്കല്‍ പ്രാര്‍ഥിക്കാനെത്തിയത്.
ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ സെപ്തംബര്‍ 21 നാണ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലാകുന്നത്. 9 മാസത്തെ അന്വേഷണത്തിന് ശേഷം വൈക്കം ഡിവൈ.എസ്പി കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. 80 പേജുകളുള്ള കുറ്റപത്രമായിരുന്നു സമര്‍പ്പിച്ചത്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന 5 കുറ്റങ്ങളാണ് കേസിലെ ഏക പ്രതിയായ ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുള്ളത്.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളുടെ മൊഴികളും 10 പേരുടെ രഹസ്യമൊഴിയും കോടതിയില്‍ സമര്‍പ്പിച്ചു. കര്‍ദിനാളിന് പുറമേ 4 ബിഷപ്പുമാരും 11 പുരോഹിതരും 25 കന്യാസ്ത്രീകളും 7 മജിസ്ട്രേറ്റുമാരും പ്രധാന സാക്ഷികളാണ്. ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, സന്ദര്‍ശക രജിസ്റ്റര്‍ ഉള്‍പ്പെടെ 5 വസ്തുക്കളും തെളിവായി ഹാജരാക്കിയിരുന്നു.
Post Your Comments