Latest NewsKerala

സംസ്ഥാനത്ത് കോഴിയിറച്ചിയ്ക്ക് പുറമെ മീനിനും തീവില

കൊച്ചി : സംസ്ഥാനത്ത് കോഴിയിറച്ചിയ്ക്ക് പുറമെ മീനിനും തീവില. ഏതാനും ആഴ്ചകളായി മീന്‍വില കുതിച്ചുയരുകയാണ്. മീന്‍ കിലോഗ്രാമിന് 320 എന്നു കേട്ടു വാങ്ങാതെ പോയാലോ എന്നു പേടിച്ച് കാല്‍ കിലോഗ്രാമിന് 80 എന്നു പറഞ്ഞാണു വില്‍പന നടത്തുന്നതെന്നു കച്ചവടക്കാര്‍ പറയുന്നു.

അയല 260, ചാള 240, ചൂര 240, കിളിമീന്‍ 240, നങ്ക് 360 (എല്ലാം കിലോഗ്രാമിന്) എന്നിങ്ങനെയായിരുന്നു ഇന്നലെ കടവന്ത്ര മാര്‍ക്കറ്റിലെ വില. ഇരട്ടി വില കൊടുത്തു മീന്‍ വാങ്ങിയാല്‍ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റുമെന്നതാണു ഇപ്പോഴത്തെ സ്ഥിതി.

കടല്‍ മീന്‍ വേണ്ട, കരിമീനോ ചെമ്മീനോ മതിയെന്നു വച്ചാല്‍ കരിമീനിന് 600 രൂപയാണു വില. ആന്ധ്രയില്‍ നിന്നുളള കരിമീനാണെങ്കില്‍ 500 രൂപ. വലിയ മീനുകളുടെ വില 450 കടന്നിട്ട് ആഴ്ചകളായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വില ഇങ്ങനെ: ചാള 160, അയല 180, ചെമ്മീന്‍ 300, പൂമീന്‍ 180. വില കൂടിയതോടെ പലരും മീന്‍ ഒഴിവാക്കിത്തുടങ്ങിയിട്ടുണ്ട്.

മീന്‍ ലഭ്യത ഇടിഞ്ഞതാണു വില കൂടാന്‍ പ്രധാന കാരണമെന്നു വ്യാപാരികള്‍ പറയുന്നു. മിക്ക മീനുകളുടെയും വിലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 മുതല്‍ 60 ശതമാനം വരെ വര്‍ധനവുണ്ട്. നെയ്മീനിനു 1000 രൂപ വരെയാണു കിലോഗ്രാമിനു വില. തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ ചൂരയ്ക്ക് 150 മുതല്‍ 200 രൂപ വരെ മൊത്ത വിലയുണ്ട്. മാര്‍ക്കറ്റില്‍ എത്തുമ്പോള്‍ വില 300 രൂപയാകും. വറ്റയ്ക്ക് 250 മുതല്‍ 300 രൂപയാണു മൊത്തവില്‍പന വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button