Latest NewsIndia

രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി; വിധിയില്‍ സുപ്രീം കോടതി തീരുമാനം ഇങ്ങനെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ത്തിന്‍മേലുള്ള കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി വിധി പറയാന്‍ മാറ്റിവച്ചു. ‘കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീം കോടതി കണ്ടെത്തി’ എന്ന രാഹുലിന്റെ പരാമര്‍ശം കോടതിയലക്ഷ്യമാണെന്ന് കാട്ടിയാണ് ബിജെപി നേതാവ് മീനാക്ഷി ലേഖി സുപ്രീം കോടതിയെ സമീപിച്ചത്. കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോടതി കണ്ടെത്തിയെന്ന് പറഞ്ഞതിന് രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്നും രാഹുലിന് താക്കീത് നല്‍കുകയോ അദ്ദേഹത്തെ ജയില്‍ അടയ്ക്കുകയോ വേണമെന്നും മീനാക്ഷി ലേഖിയുടെ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആവശ്യപ്പെട്ടു. രാഹുല്‍ എഴുതി നല്‍കിയ ക്ഷമാപണം അംഗീകരിച്ച് കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്നായിരുന്നു സിംഗ്‌വിയുടെ ആവശ്യം. രണ്ടാഴ്ചയ്ക്കകം വാദങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ഇതോടെ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും കേസില്‍ വിധിയുണ്ടാവുക എന്ന് ഉറപ്പായി.

അതേസമയം രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം കോടതിയലക്ഷ്യം ആണെന്ന് കണ്ടെത്തിയ സുപ്രീം കോടതി കഴിഞ്ഞ ദിവസം മാപ്പെഴുതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യം ഖേദം പ്രകടിപ്പിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ച രാഹുല്‍ ഗാന്ധി കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് പരാമര്‍ശത്തില്‍ നിരുപാധികം മാപ്പുപറഞ്ഞുകൊണ്ട് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. രാഹുലിന്റെ മാപ്പപേക്ഷ ആത്മാര്‍ഥത ഇല്ലാത്തതാണെന്നും ഇത് സ്വീകരിക്കരുതെന്നും റോത്തഗി വാദിച്ചു. കോടതിയുടെ നോട്ടീസ് ലഭിക്കും മുന്‍പ് തന്നെ ഖേദം അറിയിച്ചിട്ടുണ്ട് എന്നായിരുന്നു രാഹുലിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വിയുടെ വിശദീകരണം. കൂടാതെ റഫാല്‍ കേസിലെ വിധിയും തെരഞ്ഞെടുപ്പിന് ശേഷമാകും ഉണ്ടാവുക. രണ്ട് കേസുകളും അടുത്തടുത്താണ് ഇന്ന് കോടതി പരിഗണിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button