അമ്പലപ്പുഴ: രോഗികളെ മുറിവേല്‍പിച്ച നഴ്‌സിങ് അസിസ്റ്റന്റ് തുളസീധരനെ പ്രിന്‍സിപ്പല്‍ ഡോ. എം.പുഷ്പലത സസ്‌പെന്‍ഡ് ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് ഒരുക്കുന്നതിനിടെയാണ് സംഭവം. സൂപ്രണ്ട് ഡോ. ആര്‍.വി.രാംലാലിന്റെ ശുപാര്‍ശയെ തുടര്‍ന്നാണിത്. ബൈപാസ് സര്‍ജറിക്കു വിധേയരായ ആലപ്പുഴ കലവൂര്‍ ഉല്ലാസ് ഭവനില്‍ ദാമോദരന്‍ (69), എടത്വ പാണ്ടങ്കരി മുണ്ടകത്തില്‍ ജോസഫ് (70) എന്നിവരുടെ വയറ്റിലും നെഞ്ചിലും ഇടതുകാലിലും മുറിവേറ്റ പാടുകളുണ്ട്. കഴിഞ്ഞ 5ന് ആയിരുന്നു സംഭവം.
രോഗികളുടെ രോമം നീക്കം ചെയ്യാന്‍ കൂട്ടിരിപ്പുകാരില്‍നിന്ന് ഇയാള്‍ പണം വാങ്ങിയതായും അന്വേഷണ സമിതി കണ്ടെത്തി. രോഗിയോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആശുപത്രി സൂപ്രണ്ടിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നഴ്‌സിങ് ഓഫിസര്‍ സി.വി.പുഷ്പലതയാണ് അന്വേഷണം നടത്തിയത്. തുളസീധരന്റെ ഭാഗത്തു ഗുരുതര വീഴ്ച ഉണ്ടായതായി റിപ്പോര്‍ട്ടിലുണ്ട്. മുന്‍പും ഇയാള്‍ ജോലിക്കിടെ മദ്യപിച്ച് രോഗികളോടും മറ്റു ജീവനക്കാരോടും മോശമായി പെരുമാറിയിട്ടുണ്ട്.
Post Your Comments