സംസ്ഥാനത്തെ ദേശീയപാത വികസനം സ്തംഭിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയതീരുമാനം അത്യന്തം പ്രതിഷേധാര്‍ഹവും വെല്ലുവിളിയുമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. കേരളത്തെ എല്ലാ രീതിയിലും വരിഞ്ഞുമുറുക്കി രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണ് മോഡി സര്‍ക്കാര്‍. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി എല്‍ഡിഎഫ് വന്‍ പ്രക്ഷോഭം നടത്തും.
ദേശീയപാത വികസനം നിര്‍ത്താനാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്തയച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള കേരളീയര്‍ക്ക് എതിരാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. കേരളജനത രാഷ്ട്രീയമായി ഒറ്റപ്പെടുത്തിയതിലുള്ള നിരാശയും പ്രതികാരവുമാണ് പിള്ളയ്ക്ക്. ജനതാല്‍പ്പര്യങ്ങള്‍ക്ക് എതിരുനിന്ന നേതാക്കളുടെ ദുരനുഭവം തന്നെയാണ് ശ്രീധരന്‍പിള്ളയേയും കാത്തിരിക്കുന്നത്. കത്ത് പിന്‍വലിച്ച് പിള്ള മാപ്പ് പറയണം. ദേശീയപാത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്തതാണ്. എന്നാല്‍, സംസ്ഥാനവുമായി ചര്‍ച്ച നടത്താതെ പദ്ധതി നിര്‍ത്താന്‍ തീരുമാനിച്ചത് ദുരൂഹമാണ്. മലയോര- തീരദേശ പാതകളുടെ പ്രവര്‍ത്തനങ്ങളുമായി കേരളം മുന്നോട്ടുപോകുമ്പോള്‍ ദേശീയപാത വികസനം തടഞ്ഞത് ഇരുട്ടടിയാണ്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ ദേശീയപാത പൂര്‍ത്തീകരിക്കരുതെന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നില്‍. ബിജെപിയുടെ നീക്കങ്ങള്‍ക്ക് രാഷ്ട്രീയലക്ഷ്യത്തോടെ യുഡിഎഫും കൂട്ടുനില്‍ക്കുകയാണ്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെത്തുടര്‍ന്ന് 2013-ല്‍ യുഡിഎഫ് സര്‍ക്കാര്‍ ദേശീയപാത വികസനപദ്ധതി ഉപേക്ഷിച്ചതാണ്.
എല്‍ഡിഎഫ് വന്നശേഷം ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്നംകൂടി കണക്കിലെടുത്താണ് നടപടികളുമായി മുന്നോട്ടുപോയത്. ദശാബ്ദങ്ങളായി പരിഹരിക്കാന്‍ കഴിയാത്ത തര്‍ക്കം തീര്‍പ്പാക്കി ഭൂമി ഏറ്റെടുക്കുന്നതിനെ അന്ന് ചില തീ്വവാദ സംഘടനകള്‍ ശക്തമായി എതിര്‍ത്തിരുന്നു. പി എസ് ശ്രീധരന്‍പിള്ളകൂടി രംഗത്ത് വന്നതോടെ പദ്ധതി തടയാന്‍ സംഘപരിവാറും ലക്ഷ്യമിട്ടിരുന്നുവെന്ന് വ്യക്തമായി. മറ്റു സംസ്ഥാനങ്ങളില്‍ ആറുവരിയാണ് നിര്‍ദേശിച്ചതെങ്കില്‍ ഇവിടെ നാലുവരിയായി കുറച്ചത് ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ്. തീരുമാനം റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും വിജയരാഘവന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
Post Your Comments