KeralaLatest News

മകനെ മണ്‍വെട്ടിക്ക് അടിച്ച കേസില്‍ പിതാവിന് ജാമ്യം; അച്ഛന്റെ ജാമ്യത്തിനായി ഓടി നടന്നത് മര്‍ദനമേറ്റ മകനും അമ്മയും

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടാത്തതിനു മകനെ മര്‍ദിച്ച പിതാവിന് ആറ്റിങ്ങല്‍ കോടതി ജാമ്യം അനുവദിച്ചു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തതും പിതാവിനെ അറസ്റ്റ് ചെയ്തതും.

അതേസമയം, മര്‍ദനമേറ്റ മകനും പൊലീസില്‍ പരാതി നല്‍കിയ അമ്മയും കൂടിയാണു പിതാവിനെ ജാമ്യത്തിലിറക്കാനായി അഭിഭാഷകനെ ചുമതലപ്പെടുത്തിയതും ഇതിന്റെ നടപടികള്‍ക്കായി ഓടിനടന്നതും. അണയാത്ത കുടുംബസ്‌നേഹത്തിന്റെ വേറിട്ട കാഴ്ചയായി ഇത്. മകനോടു പിതാവിനു സ്‌നേഹക്കുറവില്ലെന്നും പെട്ടെന്നുള്ള പ്രകോപനത്തിലാണു നിയന്ത്രണം വിട്ടു പെരുമാറിയതെന്നുമാണ് ഇപ്പോള്‍ കുടുംബാംഗങ്ങളുടെ നിലപാട്.

അതേസമയം, കുട്ടിയുടെ മാതാപിതാക്കള്‍ തമ്മില്‍ സ്ഥിരം വഴക്കുകൂടാറുണ്ടായിരുന്നുവെന്നും ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കുക ലക്ഷ്യത്തോടെയാണ് അമ്മ പോലീസില്‍ പരാതി നല്‍കിയതെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിഷയം ഇത്രത്തോളം ഗൗരവമാകുമെന്ന് അമ്മ കരുതിയിരുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. എസ്എസ്എല്‍സിക്ക് മകന് മൂന്ന് വിഷയങ്ങളില്‍ എ പ്ലസ് ലഭിച്ചിരുന്നില്ല. ഇതില്‍ പ്രകോപിതനായാണ് പ്രതി സാബു മകനെ മണ്‍വെട്ടിയുടെ പിടി കൊണ്ട് അടിച്ചതെന്നായിരുന്നു പരാതി. കുട്ടിയുടെ കൈമുട്ടിന് പിറകിലായാണ് അടികൊണ്ടത്. മകനെ ഒരു തവണ മാത്രമാണ് അടിച്ചതെന്നും എന്നാല്‍ മുറിവോ പരിക്കോ ഒന്നുമില്ലെന്നും പൊലീസുകാര്‍ പറഞ്ഞു. മകന്റെ പഠനകാര്യത്തില്‍ അതീവശ്രദ്ധാലുവായിരുന്നു സാബുവെന്നും, മകന് സമ്മാനമായി ഇയാള്‍ ബൈക്ക് വാങ്ങി നല്‍കിയിരുന്നതായും പൊലീസുകാര്‍ സൂചിപ്പിച്ചു. പരീക്ഷയ്ക്ക് മകന്‍ കാണിച്ച അലസതയാകാം മൂന്ന് വിഷയങ്ങള്‍ക്ക് എ പ്ലസ് നേടാന്‍ കഴിയാതെ പോയതെന്ന ചിന്തയാണ് സാബുവിനെ ദേഷ്യം പിടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button