തിരുവനന്തപുരം•എട്ടുമാസം മുമ്പുണ്ടായ ബൈക്ക് യാത്ര തന്റെ ജീവിതം താളം തെറ്റിയ്ക്കുമെന്ന് കൊല്ലം തട്ടാര്‍കോണം പേരൂര്‍ സിന്ധുബീവിയുടെ മകന്‍ ഷിബിന്‍ (22) ഒരിക്കലും കരുതിയില്ല. ബൈക്കില്‍ പുറകിലിരുന്ന് യാത്ര ചെയ്യുമ്പോള്‍ ചേര്‍ത്തല വച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ വലതുകൈ നഷ്ടപ്പെട്ട ഷിബിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ചികിത്സിച്ചത്. വിധവയായ സിന്ധു ബീവിയ്ക്ക് ഷിബിനെ കൂടാതെ ഒരു മകള്‍ കൂടിയുണ്ട്. കുടുംബത്തിന് താങ്ങാകേണ്ട ഷിബിന് വലതുകൈ നഷ്ടപ്പെട്ടത് വല്ലാത്ത സങ്കടമുണ്ടാക്കി. ഇലട്രിക്കല്‍ ഡിപ്ലോമയ്ക്ക് പഠിക്കുന്ന ഷിബിന്റെ പ്രതീക്ഷകള്‍ക്ക് താളം തെറ്റുന്ന സമയത്താണ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ താങ്ങായി അത്യാധുനിക കൃത്രിമ കൈയ്യുമായെത്തിയത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിധവയായ സിന്ധുബീവിയുടെ അപേക്ഷ പരിഗണിച്ചാണ് ഷിബിന് സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സഹായം നല്‍കിയത്. ഇലക്‌ട്രോണിക് കണ്‍ട്രോള്‍ സംവിധാനമുള്ള അത്യാധുനിക കൈയ്ക്ക് 4.37 ലക്ഷം രൂപയാണ് ചെലവായത്. പുതിയ കൃത്രിമ കൈയ്യിലൂടെ കൈ മടക്കാനും കൈപ്പത്തിയും വിരലുകളും ചലിപ്പിക്കാനും സാധിക്കും.
സാമ്പത്തികമായി വളരെയധികം പിന്നാക്കം നില്‍ക്കുന്ന ഒരു കുടുംബത്തിലെ ചെറുപ്പക്കാരനെ ഈ വിധത്തില്‍ സഹായിക്കാന്‍ കഴിഞ്ഞത് വളരെയധികം ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഈ അപേക്ഷ കിട്ടിയപ്പോള്‍ തന്നെ അതിലിടപെടുകയും വിദഗ്ധ ഡോക്ടര്‍മാര്‍ കുട്ടിയെ പരിശോധിക്കുകയും ചെയ്തു. ഏതാണ്ട് ഷോള്‍ഡറിനോട് ചേര്‍ന്ന് മുറിഞ്ഞ് പോയതിനാല്‍ പ്രത്യേകം അളവെടുത്താണ് കൃത്രിമകൈ രൂപകല്‍പന ചെയ്തത്.
ജീവിതത്തില്‍ പ്രതിസന്ധി നേരിടുന്നവര്‍ക്കൊരു സഹായ ഹസ്തവുമായാണ് വി കെയര്‍ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഫണ്ടുകൊണ്ടുമാത്രം വളരെയേറെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കില്ല. അതിനാല്‍ സുമനസുകളുടെ സഹായത്തോടെയാണ് വി കെയര്‍ പ്രവര്‍ത്തിക്കുന്നത്. സുതാര്യമായ ഈ പദ്ധതിയിലെ വെബ് പോര്‍ട്ടലിലൂടെ എത്ര സഹായം വന്നെന്നും ആര്‍ക്കൊക്കെ അത് സഹായകമാണെന്നും ആര്‍ക്കും പരിശോധിക്കാവുന്നതാണ്. 800 ഓളം പേര്‍ക്കാണ് വി കെയര്‍ പദ്ധതിയിലൂടെ ആശ്വാസമായത്. ഈ പദ്ധതിയെപ്പറ്റി ജനങ്ങള്‍ അറിയാനും കൂടുതല്‍ സുമനസുകളുടെ സഹായം ഉണ്ടാകാനും വേണ്ടിയാണ് ജനങ്ങള്‍ക്ക് മുമ്പാകെ ഷിബിന്റെ കാര്യം അവതരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
വളരെയധികം സന്തോഷമുണ്ടെന്നും ഇതിലൂടെ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്നും ഷിബിന്‍ പറഞ്ഞു. എന്നാല്‍ അമ്മ സിന്ധു ബീവിയ്ക്കാകട്ടെ ഒന്നും പറയാനാകാതെ കണ്ണുകള്‍ നിറയുകയായിരുന്നു.
സാമൂഹ്യനീതി വകുപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അഷീലും സന്നിഹിതനായി.
Post Your Comments