തിരുവനന്തപുരം: പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്ര തിരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നെതര്‍ലന്റ്‌സിലെത്തി. ഇന്ത്യന്‍ അംബാസിഡര്‍ വേണു രാജാമണിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മലയാളി സമൂഹത്തിന്റെ പ്രതിനിധികളും അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് നെതര്‍ലന്റ്‌സിലെത്തിയ വിവരം മുഖ്യമന്ത്രി അറിയിച്ചത്.നെതര്‍ലന്റ്‌സിലെ വ്യവസായ കോണ്‍ഫെഡറേഷന്റെ പ്രതിനിധികളുമായി അദ്ദേഹം നാളെ കൂടിക്കാഴ്ച നടത്തും.
മെയ് 10ന് നെതര്‍ലാന്റ്‌സ് ജലവിഭവ അടിസ്ഥാനസൗകര്യ വികസന മന്ത്രിയുമായി ചര്‍ച്ച നടത്തും. വിവിധ മേഖലകളിലെ സഹകരണം ചര്‍ച്ച ചെയ്യും. മെയ് 13ന് ജനീവയില്‍ നടക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കും. മെയ് 14 ന് സ്വിറ്റ്സ്ര്‌ലന്റിലെ ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം മേഖലകളുടെ ചുമതല വഹിക്കുന്ന ഫെഡറല്‍ കൗണ്‍സിലര്‍ ഗൈ പാര്‍മീലിനുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. സ്വിസ് പാര്‍ലമെന്റിലെ ഇന്ത്യന്‍ അംഗങ്ങളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
മെയ് 16ന് പാരിസ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പ്രസിദ്ധ സാമ്പത്തിക വിദഗ്ധന്‍ തോമസ് പിക്കറ്റി, സാമ്പത്തിക അസമത്വങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ലൂക്കാസ് ചാന്‍സല്‍ എന്നിവരുമായി ചര്‍ച്ച നടത്തും. മെയ് 17ന് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി മുഖ്യമന്ത്രി പങ്കെടുക്കും.യൂറോപ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മെയ് 20ന് മുഖ്യമന്ത്രി തിരിച്ചെത്തും.
Post Your Comments