കൊച്ചി: ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ലിസി ആശുപത്രിയില്‍ എത്തിച്ച നവജാത ശിശുവിന്‍റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. മന്ത്രി കെ കെ ഷൈലജയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ കുഞ്ഞിന്‍റെ ബന്ധുക്കള്‍ രോഗവിവരം അറിയിച്ചതിന് പിന്നാലെ സര്‍ക്കാര്‍ ഇടപെടുകയും കുട്ടിക്ക് വിദഗ്ദ്ധ ചികിത്സ ഏര്‍പ്പെടുത്തുകയുമായിരുന്നു. രണ്ട് മണിക്കൂറിലാണ് കുട്ടിയെ മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്ന് കൊച്ചിയിൽ എത്തിച്ചത്. കുട്ടിയുടെ ഹൃദയത്തില്‍ നിന്നും ശ്വാസകോശത്തിലേക്ക് രക്തം എത്തുന്ന കുഴലിന് വാല്‍വ് ഇല്ലെന്നും ഹൃദയത്തിനു ഒരു ദ്വാരം ഉള്ളതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കുഞ്ഞിന്‍റെ ആരോഗ്യനില രണ്ടു ദിവസം നിരീക്ഷിച്ച ശേഷമായിരിക്കും ശസ്ത്രക്രിയ ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ വേണോ എന്ന് തീരുമാനിക്കുക.
രക്താര്‍ബുദത്തോട് പൊരുതി എസ്‌എസ്‌എല്‍സിക്ക് മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥിയെ അനുമോദിച്ചുകൊണ്ട് മന്ത്രി കെ കെ ശൈലജ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് ജിയാസ് മടശേരി എന്ന യുവാവ് സഹായാഭ്യർത്ഥനയുമായി എത്തിയത്. സഹോദരിയുടെ കുഞ്ഞിന്‍റെ ഹൃദയവാല്‍വിന് തകരാര്‍ കണ്ടെത്തിയതുമൂലം വിദഗ്ധ ചികിത്സ ആവശ്യമാണെന്നും എന്നാല്‍ അതിനുള്ള സാഹചര്യമില്ലാത്തതിനാല്‍ സഹായിക്കണമെന്നുമായിരുന്നു കമന്‍റ്. ഉടൻ തന്നെ മന്ത്രി ഇടപെടുകയായിരുന്നു.
Post Your Comments