തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തൃശൂര്‍ പൂരത്തെ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. പൂരത്തിനായി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ആവശ്യമുള്ളത്. എന്നിട്ടും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും കെ. സുരേന്ദ്രന് പറഞ്ഞു.
വിശ്വാസികളെ വെല്ലുവിളിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്നും ശബരിമല വിഷയത്തിന്റെ തുടര്‍ച്ചയാണ് തൃശൂര്‍ പൂരത്തിലെ വിലക്കെന്ന് സംശയിക്കുന്നതായും കെ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ തയ്യാറാകണം. ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ മന്ത്രി വി എസ് സുനില്‍കുമാറിന് ബാധ്യതയുണ്ടെന്നും തെരഞ്ഞെടുപ്പ് കാലത്തെ നിലപാടല്ല മന്ത്രി ഇപ്പോള്‍ പറയുന്നതെന്നും കെ സുരേന്ദ്രന് കുറ്റപ്പെടുത്തി.
അതേസമയം, കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയും സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. തൃശൂര്‍ പൂരം ഭംഗിയായി നടത്തുവാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ടത് സര്‍ക്കാരിന്റെയും നമ്മള് ഓരോരുത്തരുടെയും കടമയാണ്. പൂരം മുപ്പതു മണിക്കൂറിന്റെ തുടര്‍ച്ചയായ അനുഷ്ടാനങ്ങളുടെ നിരയാണ്. അതിന്റെ ഭാഗമാണ് ആനകളും വാദ്യക്കാരും അലങ്കാരങ്ങളുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഓരോ കാലത്തും പൂരം സംബന്ധിച്ചു ചില പ്രശ്നങ്ങളും തര്‍ക്കങ്ങളും ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ അധികൃതര്‍ ഇടപെട്ടു അവ പരിഹരിച്ചിട്ടുമുണ്ട്. തൃശൂര്‍ പൂരത്തിന്റെ മഹത്വവും പ്രസക്തിയും ചരിത്രപരമായ പ്രാധാന്യവും മനസിലാക്കിക്കൊണ്ടുള്ള ഇടപെടലുകളാണ് ഇപ്പോള്‍ അനിവാര്യമായിട്ടുള്ളതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.
Post Your Comments