KeralaLatest News

ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ ഏകജാലകം -ഓണ്‍ലൈന്‍ അപേക്ഷ മെയ് 10 മുതല്‍ : വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണമെന്ന് വിദ്യഭ്യാസ വകുപ്പിന്റെ പ്രത്യേക നിര്‍ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ മേയ് 10 മുതല്‍ ഓണ്‍ലൈനായി സ്വീകരിക്കും. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണമെന്ന് വിദ്യഭ്യാസ വകുപ്പിന്റെ പ്രത്യേക നിര്‍ദേശം . മുന്‍വര്‍ഷങ്ങളിലെപ്പോലെ രണ്ടുഘട്ടമായാണ് മുഖ്യ അലോട്ട്മെന്റ് നടത്തുക. മുഖ്യ അലോട്ട്മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് സ്‌കൂളും വിഷയവും മാറാനുള്ള അവസരം നല്‍കിയശേഷം സപ്ലിമെന്ററി അലോട്ട്മെന്റുകള്‍ തുടങ്ങും. ഭിന്നശേഷിക്കാര്‍ക്കും കായികതാരങ്ങള്‍ക്കും പ്രത്യേകം അലോട്ട്മെന്റ് ഉണ്ടാകും.

ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും കാര്യങ്ങള്‍

യോഗ്യത- SSLC (കേരള സിലബസ്), CBSE, ICSE, THSLC, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും എസ്എസ്എല്‍സിക്ക് തുല്യമായ പരീക്ഷ പാസാകണം.

അനാവശ്യ ധൃതി ഒഴിവാക്കുക: അപേക്ഷ സമര്‍പ്പണത്തിന് നാലുലക്ഷത്തിലേറെ പേര്‍ തിക്കും തിരക്കും കൂട്ടുമ്‌ബോള്‍ ആദ്യദിനങ്ങളില്‍ ഏകജാലക സംവിധാനത്തിന്റെ സെര്‍വറുകള്‍ തകരാറിലായേക്കാം. ആദ്യദിനം അപേക്ഷ സമര്‍പ്പിച്ചതുകൊണ്ട് പ്രവേശനത്തിന് മുന്‍ഗണന ലഭിക്കാനില്ല. അനാവശ്യ ധൃതി ഒഴിവാക്കുക.

അഭിരുചി പ്രധാനം- ഉപരിപഠനത്തിനുള്ള കോഴ്‌സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ വിദ്യാര്‍ഥിയുടെ അഭിരുചിക്ക് തന്നെയാവണം പ്രഥമ പരിഗണന.

ഓണ്‍ലൈന്‍ അപേക്ഷ- ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനു ശേഷം അപേക്ഷയുടെ നാലുപേജ് പ്രിന്റൗട്ടില്‍ വിദ്യാര്‍ഥിയും രക്ഷിതാവും ഒപ്പുവച്ച് അനുബന്ധ സര്‍ടിഫിക്കറ്റുകളുടെയും രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലയിലെ ഏതെങ്കിലും ഗവ. എയ്ഡഡ് സ്‌കൂള്‍ പ്രിന്‍സിപ്പലിന് നിശ്ചിത ഫീസ് സഹിതം യഥാസമയം സമര്‍പ്പിക്കണം. ആവശ്യമായത്ര ഓപ്ഷനുകള്‍, സ്‌കൂള്‍ കോഡ്, സബ്ജക്ട് കോംബിനേഷന്‍ കോഡ് എന്നിവയുടെ മുന്‍ഗണനാക്രമം ജാഗ്രതയോടെ നിശ്ചയിക്കുകയും ഓണ്‍ലൈനായി രേഖപ്പെടുത്തുകയും വേണം.

ഏറ്റവും താല്‍പര്യമുള്ള സ്‌കൂള്‍ – കോംബിനേഷന്‍ കോഡ് ഒന്നാമത് എന്ന നിലയില്‍ അവരോഹണ ക്രമത്തില്‍ വേണം ലിസ്റ്റ് തയാറാക്കാന്‍. അപേക്ഷകന് ഒന്നാമത്തെ ഓപ്ഷന്‍ നല്‍കിയ സ്‌കൂളിലേക്കു പ്രവേശനം ലഭിച്ചാല്‍ സ്വാഭാവികമായി രണ്ടു മുതല്‍ താഴോട്ടുള്ള എല്ലാ ഓപ്ഷനുകളും റദ്ദാക്കപ്പെടും. ആദ്യ പ്രവേശനം ലഭിച്ച ശേഷമുള്ള സ്‌കൂള്‍ കോംബിനേഷന്‍ ട്രാന്‍സ്ഫറിന്റെ അവസരത്തില്‍പോലും ഇക്കൂട്ടര്‍ക്കു മാറ്റം സാധ്യമല്ല.

ഒന്നിലധികം ജില്ലകളിലേക്ക്- മാതൃജില്ലയ്ക്കു പുറമെ മറ്റേതു ജില്ലയിലേക്ക് അപേക്ഷിക്കുമ്‌ബോഴും അപേക്ഷാ ഫീസ് ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയി സമര്‍പ്പിക്കണം. ജില്ലാ കോഓര്‍ഡിനേറ്റര്‍മാര്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുത്ത് മോഡ് ഓഫ് പേമെന്റ് എന്ന കോളത്തില്‍ ഡിഡി നമ്ബര്‍ രേഖപ്പെടുത്തിവേണം അപേക്ഷ പൂരിപ്പിക്കാന്‍. അപേക്ഷയുടെ പ്രിന്റൗട്ട് ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ജില്ലാ കോഓര്‍ഡിനേറ്റര്‍ക്ക് അയച്ചു കൊടുക്കണം.

കമ്മ്യൂണിറ്റി ക്വോട്ട, മാനേജ്‌മെന്റ് ക്വോട്ട- എയ്ഡഡ് സ്‌കൂളുകളില്‍ മാത്രമുള്ള മാനേജ്‌മെന്റ് ക്വോട്ട, കമ്മ്യൂണിറ്റി ക്വോട്ട പ്രവേശനത്തിനുള്ള അപേക്ഷകള്‍ അതതു സ്‌കൂളുകളില്‍നിന്നു വാങ്ങി അവിടെത്തന്നെ പൂരിപ്പിച്ചു നല്‍കണം. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണവും പ്രവേശനവും പ്രസ്തുത സ്‌കൂളുകളില്‍ത്തന്നെയാണ് നടക്കുന്നത്.

സ്‌പോര്‍ട്‌സ് ക്വോട്ട- ഓണ്‍ലൈന്‍ കേന്ദ്രീകൃത അലോട്‌മെന്റ് സംവിധാനമാണ് ഈ വര്‍ഷവും നടപ്പാക്കുന്നത്. ഒന്നാംഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ അവരുടെ സ്‌പോര്‍ട്‌സ് മികവു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്നു തങ്ങളുടെ മികവിനനുസൃതമായി ലഭിക്കുന്ന സ്‌കോര്‍ കാര്‍ഡ് കരസ്ഥമാക്കണം. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കുന്ന സ്‌കോര്‍ കാര്‍ഡ് നമ്ബര്‍ സഹിതം സ്‌പോര്‍ട്‌സ് ക്വോട്ടാ ലിങ്കിലൂടെ വേണം അപേക്ഷ നല്‍കാന്‍. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും ഫീസും വെരിഫിക്കേഷനായി സ്‌കൂള്‍ പ്രിന്‍സിപ്പലിനു സമര്‍പ്പിക്കണം. ഇക്കൂട്ടര്‍ക്ക് ഏകജാലകത്തിലേക്ക് വേറെ അപേക്ഷ നല്‍കാവുന്നതാണ്.

ബോണസ് പോയിന്റുകള്‍- വിദ്യാര്‍ഥിയുടെ എല്ലാ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പ്രവേശനം നേടുന്നതില്‍ സ്വാധീനം ചെലുത്തുന്നതിനാല്‍ ഇവയുടെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ടിക്ക് മാര്‍ക്ക് ചെയ്യുന്നതിനും പ്രസ്തുത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം.

ട്രയല്‍ അലോട്‌മെന്റ്- അവസാന തിയതി വരെ ലഭ്യമായ എല്ലാ അപേക്ഷകളും പരിഗണിച്ചു തയാറാക്കുന്ന ഒരു സാധ്യതാ പ്രവേശനപ്പട്ടികയാണ് ട്രയല്‍ അലോട്‌മെന്റ്. മെയ് 20ന് ഇതു പ്രസിദ്ധീകരിക്കും. അപേക്ഷകര്‍ക്ക് റാങ്ക് പട്ടിക പരിശോധിക്കുന്നതിനും അവസാനവട്ട തിരുത്തലുകള്‍ വരുത്തുന്നതിനും ഈ അവസരം വിനിയോഗിക്കാം. സ്‌കൂള്‍ കോംബിനേഷന്‍ ഉള്‍പ്പെടെ ക്രമീകരിക്കുവാനും ഈ ഘട്ടത്തിലും അവസരം ലഭിക്കും. അപേക്ഷ സമര്‍പ്പണ വേളയില്‍ ലഭിച്ച അക്‌നോളജ്‌മെന്റ് സ്ലിപ്പിലെ നമ്പര്‍ ഉപയോഗിച്ച് വെബ്‌സൈറ്റിലേക്കു പ്രവേശിക്കാവുന്നതാണ്.

തെറ്റ് തിരുത്തല്‍- തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്‌മെന്റ് റദ്ദാക്കുകയും അങ്ങനെയുള്ളവരുടെ പ്രവേശന സാധ്യത ഇല്ലാതാവുകയും ചെയ്യും. അതിനാല്‍ അപേക്ഷാ വിവരങ്ങളുടെ കൃത്യത ഓണ്‍ലൈനായി ഉറപ്പു വരുത്തേണ്ടത് വിദ്യാര്‍ഥിയുടെയും രക്ഷിതാവിന്റെയും ചുമതലയാണ്. സ്‌കൂള്‍തല വെരിഫിക്കേഷനു ശേഷം അപേക്ഷയിലെ വിവരങ്ങള്‍ ഓണ്‍ലൈനായി പരിശോധിക്കുന്നതിനും തിരുത്തല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ട്. അപേക്ഷ സമര്‍പ്പിച്ച സ്‌കൂളിലെ പ്രിന്‍സിപ്പലിനാണ് നിശ്ചിത ഫോറത്തില്‍ തിരുത്തല്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ഹെല്‍പ് ഡെസ്‌കുകള്‍- അപേക്ഷ ഓണ്‍ലൈന്‍ സമര്‍പ്പണം, അപേക്ഷയിലെ വിവരങ്ങള്‍ പരിശോധിക്കല്‍ തുടങ്ങി വിദ്യാര്‍ഥികളുടെ എല്ലാ സംശയങ്ങളും പരിഹരിക്കുന്നതിന് സ്‌കൂള്‍തലത്തില്‍ അധ്യാപകരും രക്ഷകര്‍തൃസമിതികളും ഉള്‍പ്പെടുന്ന ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായി മെയ് 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി മെയ് 16 ആണ്
അപേക്ഷാ വിവരങ്ങളിലെ തെറ്റുകള്‍ തിരുത്താന്‍ നിശ്ചിത മാതൃകയില്‍ അപേക്ഷിക്കാം
ട്രയല്‍ അലോട്ട്‌മെന്റ് മെയ് 20ന് നടക്കും
ആദ്യ അലോട്ട്‌മെന്റ് മെയ് 24ന്
മുഖ്യ അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയാകുന്നത് മെയ് 31ന്
ക്ലാസ് തുടങ്ങുന്നത് ജൂണ്‍ 3ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button