തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ പരിശീലന സമിതി (എസ്.സി.ഇ ആർടി) യുടെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി ചോദ്യശേഖരം (Question Pool) തയാറായി. ഹയർ സെക്കണ്ടറിയിലെ വിവിധ വിഷയങ്ങളിലുള്ള സാമ്പിൾ ചോദ്യങ്ങൾ ലഭ്യമാകുന്ന വെബ് സൈറ്റ് (www.questionpool.scert.kerala.gov.in) പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
ഫെബ്രുവരി എട്ടിനു സംസ്ഥാനമൊട്ടാകെ നടന്ന ഹയർ സെക്കണ്ടറി ക്ലസ്റ്റർ തല പരിശീലന ശിൽപശാലയിലൂടെ തയാറാക്കിയ മാതൃകാചോദ്യങ്ങളാണ് പോർട്ടലിൽ ഇപ്പോൾ ലഭ്യമാവുക. ഹയർ സെക്കണ്ടറിയിലെ മുഴുവൻ അധ്യാപകരും പങ്കാളികളായ കൂട്ടായ പ്രവർത്തനത്തിലൂടെ രണ്ടായിരത്തിലധികം സാമ്പിൾ ചോദ്യങ്ങളാണ് തയാറായിട്ടുള്ളത്. പ്ലസ് വൺ, പ്ലസ് ടു വിഭാഗങ്ങളിൽ ഓരോന്നിലും ആയിരത്തിലധികം ചോദ്യപേപ്പറുകൾ വീതം ലഭ്യമാകും. അവ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്.
ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു. കെ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ ജയപ്രകാശ്, ഹയർസെക്കൻ്ററി ജോയിൻ്റ് ഡയറക്ടർ ആർ. സുരേഷ്കുമാർ, എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസർ രഞ്ജിത് സുഭാഷ് എന്നിവർ പങ്കെടുത്തു.
Post Your Comments