തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയാ രാജാവ് മൂര്‍ഖന്‍ ഷാജിയുടെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്. തലസ്ഥാനത്തെ രണ്ട് മയക്കുമരുന്ന് കടത്ത് കേസുകളില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളിയാണ് അടിമാലി സ്വദേശി മൂര്‍ഖന്‍ ഷാജി. കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ ഒരു കോടിയിലധികം രൂപ വിലവരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി തുടങ്ങി. അടിമാലി ചാറ്റുപാറയിലുള്ള ഷാജിയുടെ വീടുള്‍പ്പെടെ രണ്ട് കെട്ടിടങ്ങളും സമീപത്ത് നാല് സ്ഥലങ്ങളിലായുള്ള അരയേക്കറിലധികം സ്ഥലവുമാണ് കണ്ടുകെട്ടുന്നത്. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും.
കേസ് അന്വേഷിക്കുന്ന അസി. എക്സൈസ് കമ്മിഷണറാണ് നടപടി സ്വീകരിക്കുന്നത്. സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ശുപാര്‍ശചെയ്ത് ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കോമ്പിറ്റന്റ് അതോറിട്ടിയ്ക്ക് എക്സൈസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കഴിഞ്ഞ ആറുവര്‍ഷത്തിനിടെ മൂര്‍ഖന്‍ ഷാജി സമ്പാദിച്ച സ്വത്തുക്കളാണ് ഇവ. ആദായനികുതി റിട്ടേണുകള്‍ പരിശോധിച്ചതില്‍ നിന്ന് ഇക്കാലയളവില്‍ ഷാജിക്ക് മറ്റ് തരത്തിലുളള വരുമാനങ്ങളൊന്നുമുണ്ടായതായി കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇക്കാലയളവില്‍ ഹാഷിഷ് ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് കടത്തിലും കച്ചവടത്തിലും ഇയാള്‍ സജീവമായിരുന്നുവെന്ന് ബോദ്ധ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് നടപടി.
കേസില്‍ പ്രതിയായി ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ബംഗളുരു, ഹൈദരബാദ്, തമിഴ്നാട് എന്നിവിടങ്ങളില്‍ ബിനാമി വസ്തുവകകളോ ബാങ്ക് നിക്ഷേപമോ ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
വര്‍ഷങ്ങളായി രാജ്യാന്തര മയക്കുമരുന്ന് കടത്ത് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഷാജി ആദ്യമായാണ് അറസ്റ്റിലാകുന്നത്.
Post Your Comments