ന്യൂഡല്‍ഹി: ഇന്ത്യ ബാലാക്കോട്ടിലെ ജെയ്ഷെ ക്യാമ്പുകളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 170-ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായി ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തകയുടെ റിപ്പോര്‍ട്ട്. ഫ്രാന്‍സെസ്ക മറീനോ എന്ന മാധ്യമ പ്രവര്‍ത്തകയാണ് ഇന്ത്യന്‍ വ്യോമാക്രമണത്തിന്റെ വിവരങ്ങള്‍ പുറത്തു വിട്ടത്. ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന പാകിസ്ഥാന്റെ വാദത്തെ ചോദ്യം ചെയ്യുന്നതാണ് പുറത്തു വരുന്ന വിവരങ്ങള്‍. 130 മുതല്‍ 170 ഭീകരര്‍ വരെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് മറീനോ പറയുന്നത്.
45 ഭീകരവാദികള്‍ ഇപ്പോഴും സൈനിക ക്യാംപില്‍ ചികിത്സയിലാണെന്നും 20 പേര് ചികിത്സയിലിരിക്കെത്തന്നെ മരിച്ചെന്നും മറീനോ വെളിപ്പെടുത്തി. ഒരു സംഘം ഭീകരര്‍ വിവരങ്ങള്‍ പുറത്തു വരാതിരിക്കാന്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കിയെന്നും മറീനോ പറഞ്ഞു. കൂടാതെ, ആക്രമിക്കപ്പെട്ട ഭീകരവാദ ക്യാംപ് ഇപ്പോള്‍ പാക് സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും മുജാഹിദ് ബെറ്റാലിയനിലെ ക്യാപ്റ്റന്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കീഴിലാണ് ക്യാംപെന്നും പ്രാദേശിക പോലീസ് സേനക്കു പോലും അവിടേക്ക് പ്രവേശനമില്ലെന്നും മറീനോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ഇന്ത്യന്‍ വ്യോമാക്രമണത്തിന് രണ്ടര മണിക്കൂറുകള്‍ക്ക് ശേഷം ഷിന്കിയാരി ക്യാംപില്‍ നിന്ന് പാകിസ്ഥാന് സൈന്യം സംഭവ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് പരിക്കേറ്റവരെ ഹര്‍കര്‍-ഉല്-മുജാഹിദ്ദീന്‍ എന്ന ക്യാംപിലേക്ക് മാറ്റി. ഇവിടെയാണ് പാക് സൈനിക ഡോക്ടര്‍മാരുള്ളത്’. മറീനോ വ്യക്തമാക്കി.ആയുധാഭ്യാസം നേടിയവരും 11 പരിശീലകരുമുള്പ്പടെ 130 മുതല്‍ 170 വരെ ഭീകരരാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് മറീനോ പറയുന്നു. വിവരങ്ങള്‍ ലഭിച്ചത് കഴിഞ്ഞ കുറച്ച് ആഴ്ച്ചകളിലായി സംഭവ സ്ഥലത്തിനടുത്തുള്ള പ്രദേശങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ നിന്നാണെന്നും മറീനോ വെളിപ്പെടുത്തി.
ഫെബ്രുവരി 14-ന് പുല്‍വാമയില്‍ ജയ്ഷെ മുഹമ്മദ് എന്ന പാക് ഭീകര സംഘടന നടത്തിയ ഭീകരാക്രമണത്തിന് മറുപടിയായി ഫെബ്രുവരി 26-നാണ് ഇന്ത്യയുടെ വ്യോമാക്രമണം ഉണ്ടായത്. ബലാക്കോട്ടിലുള്ള ജയ്ഷെ മുഹമ്മദിന്റെ ഭീകരവാദ ക്യാംപ് ആക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നെന്നും ഭീകരര്‍ കൊല്ലപ്പെട്ടെന്നുമുളള ഇന്ത്യയുടെ പ്രതികരണത്തെ പാകിസ്ഥാന് പൂര്‍ണ്ണമായി തളളിക്കളയുകയായിരുന്നു ചെയ്തത്.
Post Your Comments