KeralaLatest News

എസ്.എം.എസ് ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും; ബാങ്കിന്റെ വിചിത്രവാദം ഇങ്ങനെ

തിരുവനന്തപുരം: എടിഎം കാര്‍ഡ് കൈവശം ഉണ്ടായിരുന്നിട്ടും ഒഡിഷയിലെ അഞ്ച് എടിഎം കൗണ്ടറുകളിലൂടെ യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍. പണം നഷ്ടമായ തൃശൂര്‍ സ്വദേശി ഫോണില്‍ വരുന്ന എസ്എംഎസുകള്‍ ശ്രദ്ധിക്കാതിരുന്നതുകൊണ്ടാണ് പണം നഷ്ടമായതെന്ന വിചിത്രവാദമാണ് എസ്ബിഐ ഉന്നയിക്കുന്നത്. എസ്എംഎസ് അറിയിപ്പിനോടു പ്രതികരിച്ചില്ലെന്നു പറഞ്ഞു ബാങ്കിനു ബാധ്യതയില്‍ നിന്ന് ഒഴിവാകാനാവില്ലെന്ന് ഹൈക്കോടതി രണ്ടു മാസം മുന്‍പാണ് വ്യക്തമാക്കിയിട്ടു പോലും പണം നഷ്ടമായത് ഉപയോക്താവിന്റെ അശ്രദ്ധമൂലമാണെന്നും ഇതിനാല്‍ പണം തിരികെ നല്‍കാനാവില്ലെന്നുമാണ് ബാങ്ക് പറയുന്നത്.

എന്നാല്‍ ഒരിക്കല്‍ പോലും തട്ടിപ്പു രീതിയിലുള്ള സന്ദേശങ്ങളോ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരക്കിയുള്ള കോളുകളോ വന്നിട്ടില്ല. പിന്നെ എങ്ങനെയാണ തട്ടിപ്പ് നടന്നത് എന്ന് മനസിലാകാതെ ഞെട്ടിത്തരിച്ചിരിക്കുകയാണ് മേലൂര്‍ സ്വദേശി സ്റ്റീഫന്‍ ആന്റണി. എടിഎം പിന്‍ ഉള്‍പ്പടെയുള്ള വിവരം ഉപയോക്താവ് പങ്കുവച്ചതുകൊണ്ടാകാം തട്ടിപ്പിനിരയായതെന്നാണു ബാങ്കിന്റെ കണ്ടുപിടിത്തം. കേരളത്തിലുള്ള എടിഎം കാര്‍ഡ് ഒഡിഷയിലെ എടിഎമ്മില്‍ എങ്ങനെയെത്തിയെന്നതു സംബന്ധിച്ച് ഒരു വരി വിശദീകരണവും ബാങ്കിന്റെ ഭാഗത്തു നിന്നില്ല. ഫെബ്രുവരിയില്‍ രണ്ട് ദിവസങ്ങളിലെ 7 ഇടപാടുകളിലായി 1.18 ലക്ഷം രൂപ നഷ്ടമായ സ്റ്റീഫനാണ് റിസര്‍വ് ബാങ്ക് ഓംബുഡ്‌സ്മാനു പരാതി നല്‍കിയത്. ഓംബുഡ്‌സ്മാന്‍ ആവശ്യപ്പെട്ടപ്രകാരം എസ്ബിഐ മേലൂര്‍ ബ്രാഞ്ച് നല്‍കിയ വിശദീകരണത്തിലാണ് വിചിത്രമായ വാദങ്ങളുള്ളത്

ഒഡിഷ പുരിയിലെ ആചാര്യ ഹരിഹര്‍ സ്‌ക്വയര്‍, ബഡാന്‍ഡ, റിസര്‍വ് പൊലീസ് ലെയ്ന്‍, എസ്‌സിസി കോളജ് എന്നിവിടങ്ങളില്‍ എടിഎമ്മുകളില്‍ നിന്നായി ഏഴോളം തവണകളായാണ് പണം പിന്‍വലിക്കപ്പെട്ടത്. ഉപയോക്താവ് കേരളത്തില്‍ അങ്ങോളമിങ്ങോളം യാത്ര ചെയ്യുന്നയാളായതിനാല്‍ എടിഎം വിവരങ്ങളും പിന്‍ നമ്പറും തട്ടിപ്പുക്കാര്‍ ഉപയോക്താവില്‍ നിന്ന് കൈക്കലാക്കിയിട്ടുണ്ടാകാം. ഇത്തരം വിവരങ്ങള്‍ കൈമാറരുതെന്നു ബാങ്ക് പല തവണ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട്, ഇത് ഉപയോക്താവിന്റെ ഭാഗത്ത് വന്ന വീഴ്ചയാണെന്നും ബാങ്ക് ചൂണ്ടിക്കാട്ടുന്നു. 1.18 ലക്ഷം രൂപയില്‍ ആദ്യ ദിവസം അര്‍ധരാത്രിയില്‍ 5 ഇടപാടുകളിലായി നഷ്ടമായത് 78,000 രൂപയാണ്. എസ്എംഎസുകള്‍ ഉപയോക്താവിന്റെ ഫോണിലേക്ക് അയച്ചിരുന്നെങ്കിലും റേഞ്ചില്‍ അല്ലാത്തതുകൊണ്ട് ഒരെണ്ണമൊഴികെ മറ്റൊന്നും ഡെലിവറായില്ല. ആ എസ്എംഎസ് കണ്ട് കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കില്‍ മിച്ചമുള്ള 40,000 രൂപ നഷ്ടപ്പെടില്ലായിരുന്നുവെന്നാണ് ബാങ്കുകാരുടെ വാദം.

ഇത്തരം തട്ടിപ്പുകള്‍ക്ക് പിറകില്‍ ഹൈടെക് ബുദ്ധികളാണ് പ്രവര്‍ത്തിക്കുന്നത്. വ്യാജ എടിഎം കാര്‍ഡ് നിര്‍മിക്കാനായി ആയിരക്കണക്കിനു മലയാളികളുടെ കാര്‍ഡുകളുടെ പിന്നിലുള്ള മാഗ്‌നെറ്റിക് സ്ട്രിപ്പിലുള്ള വിവരങ്ങളും ഇന്റര്‍നെറ്റില്‍ വില്‍പനയ്ക്കു വച്ചിരിക്കുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നതാണ്. 20,000 രൂപ ബാലന്‍സ് ഉള്ള ഒരു കാര്‍ഡിലെ മാഗ്‌നെറ്റിക് സ്ട്രിപ്പിലെ വിവരങ്ങള്‍ക്ക് 3,100 രൂപയാണു വില. ഒരു ലക്ഷത്തിലധികം രൂപയുള്ള അക്കൗണ്ടാണെങ്കില്‍ 17,500 രൂപ മുടക്കിയാല്‍ മതി. ഇത്തരത്തില്‍ വന്‍ കൊള്ളകളാണ് നമുക്ക് ചുറ്റും നടക്കുന്നത്. സുരക്ഷിതമെന്ന് കരുതി നാം സമ്പാദ്യം ബാങ്കുകളില്‍ സൂക്ഷിച്ചുവെക്കുമ്പോള്‍ അവിടവും ഒട്ടും സുരക്ഷിതമല്ലെന്ന ഓര്‍മപ്പെടുത്തലുകളാണ് ഇത്തരം തട്ടിപ്പുകള്‍ തെളിയിക്കുന്നത്.

എസ്എംഎസ് അറിയിപ്പിനോടു പ്രതികരിച്ചില്ലെങ്കില്‍ ബാങ്ക് ഉത്തരവാദിയല്ലെന്നു കരാറില്‍ വ്യവസ്ഥയില്ലാത്ത നിലയ്ക്ക് ഇത്തരമൊരു കാരണം പറഞ്ഞ് ഉപയോക്താവിനെ ബാധ്യതപ്പെടുത്താനാവില്ല. എസ്എംഎസ് അറിയിപ്പുകള്‍ ശ്രദ്ധിക്കാത്തവരും മൊബൈല്‍ റേഞ്ച് ഇല്ലാത്തതുമൂലം യഥാസമയം അറിയിപ്പുകള്‍ ലഭിക്കാത്തവരും ഉണ്ടാകാം. ബാങ്ക് നല്‍കുന്ന വിവിധ സേവനങ്ങളിലൊന്നു മാത്രമാണ് എസ്എംഎസ് അറിയിപ്പ്. ആവശ്യപ്പെടാത്തവര്‍ക്കും ഇത്തരം സേവനങ്ങള്‍ നല്‍കാറുണ്ട്. അക്കൗണ്ട് ഉടമയുടെ അറിവില്ലാതെ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടാല്‍ അത്തരം പണം പിന്‍വലിക്കല്‍ തടയാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ ബാങ്ക് പരാജയപ്പെട്ടതായി കരുതേണ്ടിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button