കോഴിക്കോട്: എല്ലാവരില്‍ നിന്നും അഭിനന്ദന പ്രവാഹം ഒഴുകുമ്പോഴും ആര്യ എന്ന ഫുള്‍ എപ്ലസ് കാരിയുടെ മുഖത്ത് ദുഖം നിഴലിച്ചു നില്‍ക്കുകയാണ്. എസ്എസ്എല്‍സി പരീക്ഷയുടെ ഫലം വന്ന ദിവസം മുതല്‍ ആര്യ അച്ഛനരികില്‍ നിന്നും താന്‍ കരസ്ഥമാക്കിയ ഉന്നതവിജയം വിളിച്ചു പറയുന്നുണ്ട്. എന്നാല്‍ അപകടം തട്ടിയെടുത്ത ആര്യയുടെ അച്ഛന്‍ ഓര്‍മകളുടെ ഒരംശം പോലുമില്ലാത്ത മറ്റൊരു ലോകത്താണ്. എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയിട്ടും ആ വിവരം തന്റഎ പ്രിയപ്പെട്ട അച്ഛന്‍മാത്രം അറിയുന്നില്ല. ഓരോ നിമിഷവും അച്ഛനെ വിളിക്കുമ്പോള്‍ ആ കുരുന്നുഹൃദയം കൊതിക്കും അച്ഛന്റെ ഒരു മൂളലിനായി, ചെറിയൊരു ചലനത്തിനായി.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കോട്ടയത്ത് വെച്ച് നടന്ന വാഹനാപകടമാണ് കോഴിക്കോട് മാലാപ്പറമ്പ് സ്വദേശി രാജന്റെയും കുടുംബത്തിന്റെയും ജീവിതം തകര്‍ത്തത്. കോട്ടയത്ത് വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകവെ രാജനെ ഓട്ടോയിടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ് ഒന്നര മാസത്തോളം കോട്ടയം മാതാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രക്തസ്രാവം കൂടുകയും നീര് വെക്കുകയും ചെയ്തതോടെ തലയോട്ടിയുടെ ഒരു ഭാഗം പുറത്തെടുത്ത് പ്രത്യേകം സൂക്ഷിക്കേണ്ട അവസ്ഥയിലായി. ഓര്‍മകള്‍ തിരിച്ചുകിട്ടിയാല്‍ മാത്രമെ ഇനി തുടര്‍ ചികിത്സകള്‍ നടത്താനാകൂ. ലക്ഷങ്ങള്‍ ഇതിനകം ചെലവായി. വാടക വീട്ടില്‍ കഴിയുന്ന ഭാര്യക്കും മകള്‍ക്കും ഏക ആശ്രയമായിരുന്നു ഗ്യാസ് പൈപ്പ് ലൈന്‍ ജീവനക്കാരനായ രാജന്‍.
പരിക്കേറ്റ അച്ഛനരികില്‍ നിന്ന് മാറാതെ സ്‌കൂളില്‍ പോലും പോകാന്‍ കൂട്ടാക്കാതെ ആര്യ ഒന്നരമാസത്തോളം ചെലവഴിച്ചു. എന്നാല്‍ പഠനത്തില്‍ മിടുക്കിയായിരുന്ന ആര്യയുടെ പഠനം അവതാളത്തിലാക്കാന്‍ അവളുടെ അമ്മയോ ഡോക്ടര്‍മാരോ തയ്യാറായിരുന്നില്ല. ഒടുവില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അച്ഛന്റെ അടുത്തിരുന്ന് ഉറക്കെ വായിച്ചു അവള്‍ പഠിച്ചു. ഉറക്കൊഴിഞ്ഞ് അച്ഛനൊപ്പമിരുന്നു. രാജന്റെ ഓര്‍മയെ ഉണര്‍ത്താന്‍ മകളുടെ ശബ്ദത്തനും കരുതലിനും സാധിക്കുമെന്ന് ഡോക്ടര്‍മാരും അമ്മ സബിതയും കരുതുന്നു. എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിവരം ആര്യ പലതവണ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണ്. അച്ഛനെ സംരക്ഷിക്കാനുള്ള ഉണര്‍ത്താനുള്ള ശബ്ദമാകാന്‍ സന്മനസുകളുടെ കാരുണ്യവും ഇവള്‍ക്ക് വേണം. തന്റെ ശബ്ദം അച്ഛന്‍ എന്നെങ്കിലും കേള്‍ക്കുമെന്ന പ്രതീക്ഷയില്‍ അച്ഛനുവേണ്ടി ഇനിയും വിജയങ്ങള്‍ കീഴടക്കുമെന്ന ആത്മ വിശ്വാസത്തിലാണ് ഈ പതിനഞ്ചുകാരി.
Post Your Comments