മലപ്പുറം : മുഖാവരണം ധരിക്കരുതെന്ന എം.ഇ.എസ് സര്‍ക്കുലറിനെതിരെ പ്രതിഷേധം വ്യാപകമായി. സര്‍ക്കുലറിനെതിരെ സമസ്തയും പ്രതിഷേധം ശക്തമാക്കി . വിഷയത്തില്‍ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്ന് പ്രതിഷേധ സംഗമത്തില്‍ സമസ്ത നേതാക്കള്‍ വ്യക്തമാക്കി. സംസ്ഥാനത്തൊട്ടാകെ സമസ്ത അതീവ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത്.
പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്താണ് സമസ്ത യുവജനവിഭാഗം എസ്.വൈ.എസിന്റെ മലപ്പുറം ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ എം.ഇ.എസ് സര്‍ക്കുലറിനെതിരെ പ്രതിഷേധ സംഗമം നടത്തിയത്. പ്രതിഷേധ സംഗമം എസ്.വൈ.എസ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. രൂക്ഷമായ ഭാഷയിലായിരുന്നു എം.ഇ.എസിന്റെ നിലപാടിനെതിരെ സമസ്ത നേതാക്കളുടെ പ്രതികരണം. നിഖാബ് ധരിച്ച് ഒരു പെണ്‍കുട്ടി ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് തടയാന്‍ എം.ഇ.എസിനെ അനുവദിക്കില്ലെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചു കൊണ്ട് എം.ഇ.എസ് സര്‍ക്കുലര്‍ ഇറക്കിയത്. അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതോടെ ഉത്തരവ് നടപ്പിലാക്കാനാണ് എം.ഇ.എസ് ഒരുങ്ങുന്നത്.
Post Your Comments