Latest NewsIndia

ഫോനി ചുഴലിക്കാറ്റ് ഒഡീഷയെ തകര്‍ത്തെറിഞ്ഞതിനു ശേഷം കലി തീരാതെ ബംഗാള്‍ വഴി ബംഗ്ലാദേശിലേയ്ക്ക്

ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് ഒഡീഷയെ തകര്‍ത്തെറിഞ്ഞതിനു ശേഷം കലി തീരാതെ ബംഗാള്‍ വഴി ബംഗ്ലാദേശിലേയ്ക്ക് . 240 കിമീ വേഗതയിലാണ് ഫോനി ഒഡീഷ തീരത്ത് എത്തിയത്. ഒഡീഷയെ തീര്‍ത്തും തകര്‍ത്തെറിഞ്ഞ് സംഹാരതാണ്ഡവമാടിയാണ് പിന്‍വാങ്ങിയത്. ഇതോടെ അതീവജാഗ്രതയിലാണ് ഇന്ത്യയുടെ കിഴക്കന്‍ തീരം. ചുഴലിക്കാറ്റ് തീരത്തോട് അടുത്തതിന് പിന്നാലെ ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇന്നലെ മുതല്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

9 അടി ഉയരത്തില്‍ വരെ തിരമാലകളടിക്കാം എന്ന് കാലാവാസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയതോടെ കടല്‍തീരത്തേക്ക് പോകരുതെന്നും സുരക്ഷിത സ്ഥാനത്ത് അഭയം പ്രാപിക്കണമെന്നുമാണ് അധികൃതര്‍ പൊതുജനത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഹൈദരാബാദ് കാലാവാസ്ഥാ നിരീക്ഷ കേന്ദ്രത്തിന്റെ അറിയിപ്പ് അനുസരിച്ച് 240 മുതല്‍ 245 കിമീ വേഗതയിലാണ് ഒഡീഷന്‍ തീരത്തേക്ക് കാറ്റ് പ്രവേശിച്ചത്. ചുഴലിക്കാറ്റ് പൂര്‍ണമായും കരയിലേക്ക് പ്രവേശിക്കാന്‍ മൂന്ന് മണിക്കൂറോളം വേണ്ടി വരും. ഇപ്പോള്‍ പശ്ചിമബംഗാള്‍ ഭാഗത്തേക്കാണ് ഫോനി ചുഴലിക്കാറ്റ് നീങ്ങുന്നത്.

ഒഡീഷയിലൂടെ നീങ്ങുന്ന കാറ്റ് പതിയെ പശ്ചിമബംഗാളിലേക്ക് എത്തും എന്നാണ് വിവരം. അവിടെ നിന്നും കാറ്റ് ബംഗ്ലാദേശിലേക്ക് കടക്കും. അവിടെ നിന്നും ആസാം വഴി വീണ്ടും ഇന്ത്യയിലേക്ക് പ്രവേശിക്കും. ആസാം എത്തുമ്‌ബോഴേക്കും കാറ്റ് ന്യൂനമര്‍ദ്ദമായി മാറും. കര തൊടുന്നതോടെ കാറ്റിന്റെ തീവ്രത കുറഞ്ഞു തുടങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ചുഴലിക്കൊടുങ്കാറ്റിന്റെ വരവ് കണക്കിലെടുത്ത് ഭുവനേശ്വര്‍ വിമാനത്താവളം ഇന്നലെ തന്നെ അടിച്ചിട്ടിരുന്നു. ചുഴലിക്കാറ്റ് ഒഡീഷന്‍ തീരത്ത് എത്തിയതോടെ കൊല്‍ക്കത്ത വിമാനത്താവളവും ഇന്ന് അടച്ചിട്ടു. കൊല്‍ക്കത്തയില്‍ നിന്നുള്ള 200 ഓളം വിമാനങ്ങള്‍ ഇതിനോടകം റദ്ദാക്കി കഴിഞ്ഞു. കിഴക്കന്‍-കിഴക്കന്‍ പടിഞ്ഞാറന്‍ മേഖലകളില്‍ നിന്നുള്ള 250-ഓളം തീവണ്ടികള്‍ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. ഫലത്തില്‍ കിഴക്കന്‍ മേഖല ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്.

1999-ല്‍ 260 കിമീ വേഗതയില്‍ അടിച്ച സൂപ്പര്‍ ചുഴലിക്കാറ്റില്‍ പതിനായിരത്തോളം പേരാണ് ഒഡീഷയില്‍ മാത്രം മരിച്ചത്. അത്തരമൊരു സാഹചര്യം ഇക്കുറി ഉണ്ടാവാതെ നോക്കാനാണ് ഒഡീഷ സര്‍ക്കാര്‍ ശ്രമിക്കുന്നത്.രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പതിനൊന്ന് ലക്ഷത്തിലേറെ പേരെ ഒഡീഷയില്‍ നിന്നും മാത്രം മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കാനാരിക്കുന്ന പശ്ചിമബംഗാളില്‍ പ്രചാരണം നിര്‍ത്തിവച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.

ചുഴലിക്കാറ്റ് തീരത്തേക്ക് അടുത്തപ്പോള്‍ മുതല്‍ മേഖലയില്‍ കനത്ത മഴയും കാറ്റുമാണ് ുണ്ടായത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം, ഒഡീഷയിലെ ഗോപാല്‍പുര്‍,പുരി, ഭുവനേശ്വര്‍, പാരാദ്വീപ്, ചന്ദാബലി, ബാലാസോര്‍, കലിംഗപട്ടണം, എന്നിവിടങ്ങളിലെല്ലാം ശക്തമായ മഴയും കാറ്റും ലഭിച്ചു. ആയിരക്കണക്കിന് മരങ്ങള്‍ ഇവിടെ വേരോടെ പിഴുതറിയപ്പെട്ടു എന്നാണ് വിവരം.

ന്യൂനമര്‍ദ്ദം രൂപം കൊണ്ട ഘട്ടത്തില്‍ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും കേരളത്തിലുമായിരുന്നു കൂടുതല്‍ ജാഗ്രത പാലിച്ചതെങ്കില്‍ പിന്നീടുള്ള ദിവസങ്ങള്‍ ചുഴലിക്കാറ്റ് കിഴക്കന്‍ ദിക്കിലേക്ക് തിരിഞ്ഞതോടെയാണ് ഒഡീഷയും ബംഗാളിലും രക്ഷാപ്രവര്‍ത്തനം ശക്തമാക്കിയത്. ദുരന്തനിവാരണസേന, കരനാവികവ്യോമ സേനകള്‍, കോസ്റ്റ് ഗാര്‍ഡ് തുടങ്ങി എല്ലാ സേനാവിഭാഗങ്ങളും യുദ്ധക്കാലടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സജ്ജരായി നില്‍ക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button