Latest NewsIndia

കുംഭകോണത്ത് എന്‍.ഐ എ റെയ്ഡ്; 65 മലയാളികള്‍ നിരീക്ഷണത്തില്‍

ചെന്നൈ: ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ് തുടരുന്നു. തമിഴ്‌നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധം പുലര്‍ത്തുന്ന 65 ലധികം മലയാളികള്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്
മലയാളികള്‍ അടക്കം പങ്കെടുത്ത തൗഹീദ് ജമാഅത്തിന്റെ മധുരയിലെയും നാമക്കലിലെയും യോഗ വിവരങ്ങള്‍ എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ട്. അതേസമയം, കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം പരിശോധന തുടരുകയാണ്. ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.

സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്‍ സഹ്രാന്‍ ഹാഷ്മിന്റെ വീഡിയോകള്‍ റെയ്ഡില്‍ പിടിച്ചെടുത്തു. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും യുവാക്കളെ ആശയത്തിലേക്ക് അടുപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന സഹ്രാന്‍ ഹാഷ്മിന്റെ വീഡിയോ തെളിവുകളാണ് കിട്ടിയിരിക്കുന്നത്. മലയാളികള്‍ അടക്കം പങ്കെടുത്ത തൗഹീദ് ജമാഅത്തിന്റെ മധുരയിലെയും നാമക്കലിലെയും യോഗ വിവരങ്ങള്‍ എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ട്. അറബിയിലും തമിഴിലും മലയാളത്തിലുമുള്ള ഇതിന്റെ വീഡിയോ തെളിവുകള്‍ എന്‍ഐഎ സംഘം കണ്ടെത്തി.

ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. തിരുവള്ളൂര്‍ പൂനമല്ലിയില്‍ നിന്ന് തൗഹീദ് ജമാഅത്തുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന റോഷന്‍ ഉള്‍പ്പടെയുള്ളവരെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ചെന്നൈയ്ക്ക് സമീപം മന്നാടിയില്‍ നിന്ന് ഒരു ശ്രീലങ്കന്‍ സ്വദേശിയെയും കഴിഞ്ഞ ദിവസം തമിഴ്‌നാട് കസ്റ്റഡിയിലെടുത്തിരുന്നു.

അതേസമയം, കേരളത്തില്‍ പുതുവത്സര രാവില്‍ ചാവേറാക്രമണം നടത്താന്‍ ഐഎസ് പദ്ധതിയിട്ടതിന്റെ കൂടുതല്‍ വിവരങ്ങളും പുറത്ത് വരുന്നുണ്ട്. കൊച്ചിയിലടക്കം പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്താനായിരുന്നു തീരുമാനമെന്ന് പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ എന്‍ഐഎക്ക് മൊഴി നല്‍കിയിരുന്നു. സ്‌ഫോടന സാമഗ്രികള്‍ സംഘടിപ്പിക്കാന്‍ റിയാസിനോട് ഐഎസില്‍ ചേര്‍ന്നവര്‍ നിര്‍ദേശിച്ചിരുന്നു എന്നാണ് വിവരം.

ഐഎസില്‍ ചേരുന്നതിനായി കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയവരാണ് ചാവേറാക്രമണം നടത്തണമെന്ന് തന്നോട് ആവശ്യപ്പെട്ടതെന്നാണ് റിയാസിന്റെ മൊഴി. ഇക്കാര്യം തനിക്കൊപ്പമുളളവരോട് പറഞ്ഞെങ്കിലും അവര്‍ അനുകൂലിച്ചില്ല. എന്നാല്‍ താന്‍ സ്വന്തം നിലയ്ക്ക് തയാറെടുപ്പുകള്‍ നടത്തി വരികയായിരുന്നു. ഐഎസില്‍ ചേര്‍ന്ന റാഷിദാണ് ബോംബ് നിര്‍മാണത്തിന് ആവശ്യമായ സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും മൊഴിയിലുണ്ട്.

ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന റിയാസ് അബൂബക്കറിനെ കൂടുതല്‍ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു തമിഴ്‌നാട്ടിലെ റെയ്ഡ്. ദേശീയ അന്വേഷണ ഏജന്‍സിയുടെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. കുംഭകോണം, രാമനാഥപുരം, തഞ്ചാവൂര്‍ കാരയ്ക്കല്‍ അടക്കം എസ്ഡിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റെയും തൗഹീദ് ജമാഅത്തിന്റെ ഓഫീസുകളില്‍ മണിക്കൂറുകളോളം കഴിഞ്ഞ ദിവസം പരിശോധന നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button