തൃശൂര്‍/കൊച്ചി/തിരുച്ചിറപ്പള്ളി: ഐ.എസ്. ബന്ധം തിരിച്ചറിഞ്ഞ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്‌റ്റ് ചെയ്‌ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ തൃശൂരില്‍ പോലീസിന്റെ വ്യാപക പരിശോധന. റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്‌റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. പലയിടത്തും മഫ്‌തി പോലീസുകാരുണ്ട്. തീരദേശ മേഖലകളിലും ഹോം സ്‌റ്റേകളിലും തെരച്ചില്‍ നടത്തുന്നുണ്ട്.
ഇന്നലെ ആലപ്പുഴയിലെ വിവിധ ഇടങ്ങളിലും പരിശോധനകൾ നടന്നിരുന്നു. ഹൌസ് ബോട്ടുകൾ കേന്ദ്രീകരിച്ചും റെയിൽവെ സ്റ്റേഷനുകളിലും ബസ്‌സ്റ്റാന്റുകളിലും പരിശോധനകൾ നടന്നു.വിദേശികള്‍ താമസിക്കുന്ന ഹോം സ്‌റ്റേകളിലും ലോഡ്‌ജുകളിലും പോലീസ് എത്തുന്നുണ്ട്. സംശയാസ്‌പദമായി ആരെ കണ്ടാലും വിവരമറിയിക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. അപരിചിതര്‍ക്ക് മുറി നല്‍കുമ്പോള്‍ തിരിച്ചറിയല്‍ രേഖകള്‍ വാങ്ങി സൂക്ഷിക്കാന്‍ ലോഡ്‌ജ്, ഹോം സ്‌റ്റേ ഉടമകളോടു നിര്‍ദേശിച്ചു.
ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ നാഷണല്‍ തൗഹീദ് ജമാഅത്തിനു തമിഴ്‌നാട്ടിലെ സംഘടനകളുമായുള്ള ബന്ധവും പാലക്കാട്ടു നിന്ന് അറസ്‌റ്റിലായ റിയാസിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലുള്ള വിവരങ്ങളും ഇക്കൂട്ടത്തില്‍ അന്വേഷിക്കുന്നുണ്ട്. പാലക്കാട് സ്വദേശിയായ റിയാസിന് തമിഴ്‌നാടുമായും അവിടുത്തെ ഗ്രൂപ്പുകളുമായും ബന്ധമുണ്ടായിരുന്നെന്നും എന്‍.ഐ.എക്ക് സ്‌ഥിരീകരണം ലഭിച്ചിരുന്നു. തമിഴ്‌നാട്ടിലുള്ളവരുമായി റിയാസ് ഓണ്‍ലൈന്‍ ചാറ്റ് നടത്തിയതായും വിവരം ലഭിച്ചിരുന്നു.
അതിനിടെ, ഇന്നലെ എന്‍.ഐ.എ. കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീദ് ജമാഅത്ത് ഓഫീസുകളില്‍ തെരച്ചില്‍ നടത്തി. 3 ശ്രീലങ്കൻ തീവ്രവാദ ബന്ധമുള്ളവരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന.കഴിഞ്ഞ ഫെബ്രുവരിയില്‍ പി.എം.കെ. നേതാവ് വി. രാമലിംഗം കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ഇസ്ലാമിക സംഘടനകളുടെ കാരയ്‌ക്കല്‍, കുംഭകോണം, രാമനാഥപുരം ഓഫീസുകളില്‍ റെയ്‌ഡ് നടത്തിയത്. കുംഭകോണത്തിനു സമീപം പി.എം.കെ. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലും ചോദ്യംചെയ്‌തു.
എന്‍.ഐ.എ. ഡി.എസ്.പി: എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ് അന്വേഷണം. നേരത്തേ ഐ.എസ്. ബന്ധം സംശയിച്ച് തിരുനെല്‍വേലിയില്‍നിന്ന് ശ്രീലങ്കന്‍ സ്വദേശികളായ മൂന്നുപേരെ എന്‍.ഐ.എ. ചോദ്യം ചെയ്‌തിരുന്നു. രണ്ടുപേര്‍ക്കു ശ്രീലങ്കന്‍ പാസ്‌പോര്‍ട്ടും ഇന്ത്യന്‍ വിസയുമുണ്ട്. ഒരാള്‍ ഇവിടെ ഒളിച്ചുതാമസിക്കുകയായിരുന്നു. മോഷണക്കേസില്‍ പ്രതിയായ ഇയാളെ അന്വേഷിച്ചാണു തങ്ങള്‍ വന്നതെന്നായിരുന്നു മറ്റുള്ളവരുടെ മൊഴി.
Post Your Comments