മുംബൈ: സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് വിധിച്ച പിഴയുടെ പകുതി മാത്രം അടച്ച് ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. ബിസിസിഐ ഓംബുഡ്സ്മാന്‍ വിധിച്ച 20 ലക്ഷം രൂപ പിഴയില്‍ 10 ലക്ഷം രൂപയാണ് ഹാര്‍ദിക് അടച്ചത്. ഓംബുഡ്‌സ്മാന്റെ നിര്‍ദ്ദേശപ്രകാരം ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്റെ അക്കൗണ്ടില്‍ 10 ലക്ഷം രൂപ അടച്ചതായി ഹാര്‍ദിക് പാണ്ഡ്യ അറിയിച്ചു. 10 ലക്ഷം രൂപ കൊല്ലപ്പെട്ട സൈനികരുടെ ഭാര്യമാര്‍ക്ക് നല്‍കാനായിരുന്നു വിധിച്ചത്. എന്നാല്‍ ഈ തുക താരം അടച്ചിട്ടില്ല. അര്‍ഹരായവരെ എങ്ങനെയാണ് കണ്ടു പിടിക്കുക എന്ന് അറിയാത്തതിനാലാണ് പണം അടയ്ക്കാത്തത് എന്നാണ് താരത്തിന്റെ വാദം. അതേസമയം ഹാര്‍ദിക്കിനൊപ്പം ശിക്ഷ ലഭിച്ച കെ എല്‍ രാഹുല്‍ പിഴയടച്ചോ എന്ന് വ്യക്തമല്ല.
‘കോഫി വിത്ത് കരണ്‍’ എന്ന ടെലിവിഷന്‍ പരിപാടിക്കിടെയാണ് ഹാര്‍ദികും രാഹുലും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹര്‍ദിക് പരിപാടിയുടെ അവതാരകനായ കരണ്‍ ജോഹറിനോട് വെളിപ്പെടുത്തിയത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവര്‍ ചോദിക്കാതെ തന്നെയാണ് പറയുന്നതെന്നും ഹര്‍ദിക് കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ ഹര്‍ദിക്കിനൊപ്പം പങ്കെടുത്ത കെ എല്‍ രാഹുലും ലൈംഗിക ജീവിതത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തി. തന്റെ പോക്കറ്റില്‍ നിന്ന് 18 വയസിനുള്ളില്‍ പിതാവ് കോണ്ടം കണ്ടെത്തി ശാസിച്ച കാര്യമാണ് കെ എല്‍ രാഹുല്‍ തുറന്ന് പറഞ്ഞത്. വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.പിന്നാലെ വിശദീകരണം ആവശ്യപ്പെട്ട് ബിസിസിഐ ഓംബുഡ്സ്മാന്‍ താരങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയായിരുന്നു. വിവാദത്തില്‍ ഇരുവരെയും ബിസിസിഐയുടെ ഇടക്കാല ഭരണസമിതി സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഓംബുഡ്സ്മാന്റെ നിയമനം വൈകുന്നതിനാല്‍ വിലക്ക് നീക്കാന്‍ ബിസിസിഐ പിന്നീട് തീരുമാനിച്ചു. ഇതോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് പാണ്ഡ്യക്കും രാഹുലിനും മടങ്ങിയെത്താനായത്.
Post Your Comments