തിരുവനന്തപുരം: കളക്ഷനില്‍ റെക്കോഡ് നേട്ടം കൈവരിച്ച് കെഎസ്ആര്‍ടിസി. 189.84 കോടി രൂപയാണ് ഏപ്രില്‍ മാസത്തില്‍ കളക്ഷന്‍ ഇനത്തില്‍ കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്.
ശബരിമല സീസണ്‍ ഉള്‍പ്പെടെ വരുന്ന ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കാറുള്ള മാസമായ ജനുവരിയിലെ 31 ദിവസത്തെ കളക്ഷനേക്കാള്‍ അധിക വരുമാനം 30 ദിവസം മാത്രമുള്ള ഏപ്രില്‍ മാസത്തില്‍ ലഭിച്ചു എന്നതും ഏറെ ശ്രദ്ധേയമാണ്.
ജനുവരി 189.71, ഫെബ്രുവരി 168.58, മാര്‍ച്ച് 183.68, ഏപ്രില്‍ 189.84 എന്നിങ്ങനെയാണ് ഈ വര്‍ഷം ഓരോ മാസങ്ങളിലും ലഭിച്ച വരുമാനം. ഏറെ പരിമിതമായ സാഹചര്യങ്ങളിലും അതും ഓരോ റൂട്ടുകളിലും ബസ്സുകളുടെ കോണ്‍വോയ് ഒഴിവാക്കി ക്രോണോളജി സെറ്റ് ചെയ്ത് നിലവിലുള്ള ചെയിന്‍ സര്‍വീസുകള്‍ അടക്കം അറേഞ്ച് ചെയ്തത് വഴി വരുമാന വര്‍ദ്ധനവ് ഉണ്ടാവുകയാണ് ചെയ്തത്. മേഖല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെയും യൂണിറ്റ് ഓഫീസര്‍മാരുടെയും പ്രത്യേകം പ്രത്യേകമായുള്ള അവലോകന യോഗങ്ങളും തുടര്‍ന്നുള്ള ഫോളോ അപ്പ് വര്‍ക്കുകളും ആണ് ഇത്തരത്തിലൊരു വരുമാന വര്‍ദ്ധനവിന് കാരണമായത് എന്ന് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ എം പി ദിനേശ് ഐപിഎസ് അറിയിച്ചു. എല്ലാ ഡിപ്പോകള്‍ക്കും പ്രത്യേകം പ്രത്യേകം ടാര്‍ജ്റ്റ് നിശ്ചയിച്ചു നല്‍കി ഓരോ ഡിപ്പോയിലെയും ബസ്സുകള്‍ അഥവാ ഷെഡ്യൂളുകള്‍ ആനുപാതികമായി ടാര്‍ജറ്റ് നിശ്ചയിച്ച് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് വിഭജിച്ച് നല്‍കി മേല്‍നോട്ടച്ചുമതല നല്കിയതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം ഒരു പരിധിവരെ കാര്യക്ഷമമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിലും ഇന്‍സ്‌പെക്ടര്‍മാരെ പോയിന്റ് ഡ്യൂട്ടിക്കായി നിശ്ചയിച്ചും യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഷെഡ്യൂളുകളും ബസ്സുകളും അറേഞ്ച് ചെയ്തു നല്‍കിയും ജനോപകാരപ്രദമായി സര്‍വീസുകള്‍ നടത്തുവാനുള്ള ഉള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ കര്‍ണാടകയിലേക്ക് ഓപ്പറേറ്റ് ചെയ്യുവാനുള്ള നടപടി ക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
Post Your Comments