കൊച്ചി: വിവാദമായ കല്ലടമര്‍ദന സംഭവത്തില്‍ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടി. ബസില്‍ യാത്ര ചെയ്ത യുവാക്കളെ ജീവനക്കാര്‍ കൈകാര്യം ചെയ്ത സംഭവത്തില്‍ സഹായം അഭ്യര്‍ഥിച്ചിട്ടും നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു. മരട് എസ്‌ഐ ഉള്‍പ്പടെ നാലുപേരെ ആഭ്യന്തര വകുപ്പ് ഇടുക്കിയിലേക്കു സ്ഥലം മാറ്റി. എസ്‌ഐ ബൈജു മാത്യു, സിപിഒമാരായ എം.എസ്. സുനില്‍, സുനില്‍ കുമാര്‍, ഡ്രൈവര്‍ ബിനേഷ് എന്നിവര്‍ക്കാണു സ്ഥലംമാറ്റം. അതേസമയം വിവരം അറിഞ്ഞപ്പോള്‍ മുതല്‍ നടപടികള്‍ ഏകോപിപ്പിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്ത പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥനു ഗുഡ് സര്‍വീസ് എന്‍ട്രിക്കു ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഹവില്‍ദാര്‍ ജി. പ്രവീണിനാണ് ഗുഡ് സര്‍വീസ് എന്‍ട്രി ശുപാര്‍ശ നല്‍കിയിരിക്കുന്നത്. യുവാക്കള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ തന്നെ പൊലീസില്‍ വിളിച്ചറിയിക്കുകയും പൊലീസ് സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ അവരെ സഹായിക്കാന്‍ മുതിരാതെ സ്ഥലത്തുനിന്നു മാറുകയും അക്രമികള്‍ വീണ്ടും എത്തി ഉപദ്രവിക്കുന്നതിന് ഇടയാക്കുകയും ചെയ്തിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് കലാശക്കൊട്ട് തിരക്കുകളില്‍ ആയിരുന്നതിനാലാണു കേസിന് വേണ്ട നടപടികള്‍ എടുക്കാന്‍ സാധിക്കാതിരുന്നത് എന്നാണു നടപടിക്കു വിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം.
പരുക്കേറ്റ യുവാക്കള്‍ പൊലീസിനെ അറിയിക്കാതെ കൊച്ചി വിട്ടതും നടപടി എടുക്കുന്നതിനു താമസമുണ്ടാക്കി എന്നാണ് ഇവര്‍ അവകാശപ്പെട്ടത്. എന്നാല്‍ ഇവരെ അക്രമികളില്‍നിന്നു രക്ഷിക്കുന്നതിനു പകരം ഓട്ടോറിക്ഷയില്‍ കയറ്റി അയയ്ക്കുകയായിരുന്നു എന്നാണു പരുക്കേറ്റ യുവാക്കള്‍ പറഞ്ഞത്.അക്രമികളുടെ ക്രൂരമായ പെരുമാറ്റത്തില്‍ ഭയന്ന വിദ്യാര്‍ഥികള്‍ അവിടെനിന്ന് ഇടപ്പള്ളിയിലും പിന്നെ തൃശൂര്‍ വഴി സേലത്തും എത്തിയശേഷമാണ് ആശുപത്രിയില്‍പോലും പോയത്. സമൂഹമാധ്യമങ്ങളിലൂടെ വിഷയം ചര്‍ച്ചയായതോടെയാണു പൊലീസ് കേസില്‍ ഇടപെടുന്നതും തുടര്‍ നടപടികളുണ്ടായതും. കേസില്‍ ഏഴു പേരെ അറസ്റ്റു ചെയ്യുകയും കല്ലട ട്രാവല്‍സ് ഉടമ സുരേഷിനെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
Post Your Comments