ന്യൂഡൽഹി∙ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിനു സമാനമായ ആക്രമണം ഇന്ത്യയിലും ബംഗ്ലദേശിലും ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ് നൽകി ഐ എസ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) അനുബന്ധ ഗ്രൂപ്പായ ‘അൽ–മുർസലാത് ബംഗാളിൽ തങ്ങളുടെ പുതിയ തലവനെ (എമിർ) നിയമിച്ചു കൊണ്ട് പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോർട്ട്. ഭീകരാക്രമണത്തിന് പദ്ധതി തയാറാക്കുക, പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുക തുടങ്ങിയവയാണ് ഇയാളുടെ ചുമതലകൾ. ബംഗാളിലും ഹിന്ദിലുമുള്ള ഖിലാഫത്ത് സൈന്യം ഒരിക്കലും നിശബ്ദരായിരിക്കില്ല, പ്രതികാരത്തിനുള്ള ദാഹം മറഞ്ഞുപോകുകയുമില്ലെന്നും ഐഎസ് പുറത്തിറക്കിയ പോസ്റ്ററിൽ പറയുന്നു.
തിങ്കളാഴ്ച ധാക്കയിലെ ഗുലിസ്റ്റൻ തിയറ്ററിനു സമീപം സ്ഫോടനമുണ്ടായിരുന്നു. ആക്രമണത്തിൽ പൊലീസുകാർക്ക് പരുക്കേറ്റിരുന്നെങ്കിലും ആളപായമുള്ളതായി റിപ്പോർട്ടുകളില്ല. അതേസമയം, ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്ന് ബംഗ്ലദേശിലെയും ബംഗാളിലെയും സ്ഥിതിഗതികൾ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം പരിശോധിച്ചുവരികയാണ്.അബു മുഹമ്മദ് അൽ–ബംഗാളിയെന്നാണ് ബംഗാളിലെ പുതിയ തലവന്റെ പേരെന്ന് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥൻ പറഞ്ഞു. …
Post Your Comments