പുരി: ഫാനി ചുഴലിക്കാറ്റ് ഒഡീഷയുടെ തെക്ക് ഭാഗത്ത് നാളെ ഉച്ചയ്ക്ക് ശേഷം ഏതു സമയത്തും കരയിടിച്ചില്‍ ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. ജോയിന്റ് ടൈഫൂണ്‍ വാര്‍ണിംഗ് സെന്റര്‍ പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.1999ന് ശേഷമുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ തുടര്‍ന്ന് തീരദേശ ജില്ലകളായ പുരി, ജഗത്സിങ്പുര്‍, കേന്ദ്രപാറ, ഭദ്രക്, ബാലസോര്‍, മയൂര്‍ഭഞ്ജ്, ഗജാപതി, ഗഞ്ചം, ഖോര്‍ധ, കട്ടക്, ജജ്പുര്‍ എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങി. കൂടാതെ കനത്ത മഴയ്ക്കും രൂക്ഷമായ കടലാക്രമണത്തിനും മണിക്കൂറില്‍ 175 കിലോമീറ്ററില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെുന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
1 ഫിനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ പ്രതിരോധ സേനകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാവികസേന, വ്യോമസേന, തീരസംരക്ഷണ സേന, ദേശീയ ദുരന്ത പ്രതികരണ സേനാ ഉദ്യോഗസ്ഥര്‍, ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് (ഒ.ഡി.ആര്‍.ആര്‍.എഫ്), അഗ്‌നിശമന സേനാംഗങ്ങള്‍ എന്നിവരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ദുര്‍ബല പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.
2 എല്ലാ സ്‌കൂളുകളും കോളേജുകളും അടുത്ത മൂന്ന് ദിവസത്തേക്ക് ഒഡീഷയില്‍ അവധി പ്രഖ്യാപിച്ചു. തീരദേശ ജില്ലകളില്‍ 8 ലക്ഷം ജനങ്ങള്‍ ഒഴിപ്പിച്ചതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
3 ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഒഡീഷയില്‍ 28 ടീമുകളും, ആന്ധ്രപ്രദേശില്‍ 12ഉം, പശ്ചിമബംഗാളില്‍ ആറ് ടീമുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. 30 ഓളം അധിക ടീമുകള്‍ ബോട്ടുകളുമായും മരം വെട്ടു യന്ത്രങ്ങളുമായും തയ്യാറാണ്.
4 ചുഴലിക്കാറ്റ് ഇപ്പോള്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കു പഠിഞ്ഞാറായി പുരി പ്രദേശത്തേക്ക് മണിക്കൂറില്‍ 6 കിലോ മീറ്റര്‍ വേഗതയില്‍ നീങ്ങുകയാണെന്ന് ഐഎംഡി പുറത്തു വിട്ട കാലാവസ്ഥാ ബുള്ളറ്റിനില്‍ പറയുന്നു.
5 ചുഴലിക്കാറ്റിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതല കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തു.
6 ഡോക്ടര്‍മാരുടെയും ഹെല്‍ത്ത് ഓഫീസര്‍മാരുടെയും മെയ് 15 വരെ എല്ലാ അവധികളും റദ്ദാക്കിയതായി ഒഡീഷ ചീഫ് സെക്രട്ടറി എ.പി. പഥി അറിയിച്ചു. കൂടാതെ എല്ലാ പോലീസുകാരുടെയും അവധി റദ്ദാക്കിയതായും നിലവില്‍ അവധിയിലുള്ള എല്ലാവരും ഡ്യൂട്ടിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും സംസ്ഥാന പോലിസ് മേധാവി ആര്‍.പി. ശര്‍മ പറഞ്ഞു.
7 തീരദേശ ജില്ലകളിലെ ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവ നേരിട്ട് നിരീക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ ജില്ലകളില്‍ 880 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.
8 ഫാനി ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും വീശുമെന്നാണ് കരുതുന്നത്. പശ്ചിമബംഗാളില്‍ കിഴക്കന്‍, പടിഞ്ഞാറന്‍ മെഡിനിപൂര്‍, തെക്ക്, നോര്‍ത്ത് 24 പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി, ഝാര്‍ഗ്രാം ജില്ലകള്‍, സംസ്ഥാന തലസ്ഥാനമായ കൊല്‍ക്കത്ത എന്നിവയെ ബാധിക്കും. ആന്ധ്രാപ്രദേശില്‍, ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം എന്നിവിടങ്ങളിലെ മൂന്ന് ജില്ലകളില്‍ ബാധിക്കും.
9 11 ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാതൃകാ പെരുമാറ്റച്ചട്ടം ഇന്നലെ റദ്ദാക്കിയിട്ടുണ്ട്.
10 ഹൗറ പുരി റൂട്ടില്‍ ദക്ഷിണ പശ്ചിമ റെയില്‍വെ 43 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
Post Your Comments