KeralaLatest News

ജോലി ആവശ്യമുള്ളവരാണോ; സൂക്ഷിക്കുക നിങ്ങളും പെട്ടുപോയേക്കാം

പഠനം കഴിഞ്ഞാല്‍ യുവതലമുറ നേരിടുന്ന ഏറ്റവും വലിയ ചോദ്യമാണ് ജോലി ഒന്നും ആയില്ലേ എന്നത്. പിന്നീട് മനസില്‍ കൊണ്ടു നടക്കുന്ന സ്വപ്‌നങ്ങളെല്ലാം മാറ്റിവെച്ച് ജോലിതപ്പി ഇറങ്ങും. എങ്ങനെയെങ്കിലും നാട്ടുകാരുടെയും വീട്ടുകാരുടെയും ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടണം എന്ന ലക്ഷ്യമാണ് അപ്പോള്‍ അവരുടെ മനസ്സില്‍. ഇത്തരം ജോലി തേടുന്ന യുവാക്കളെ ആദ്യം ആകര്‍ഷിക്കുന്നത് പത്ര പരസ്യങ്ങളാണ്. ആകര്‍ഷണീയമായ ശമ്പളം, താമസ സൗകര്യം സൗജന്യം എന്നെല്ലാം കാണുമ്പോള്‍ മറ്റൊന്നും നോക്കാതെ ഇറങ്ങി പുറപ്പെടും.

പരസ്യത്തില്‍ കാണുന്ന നമ്പറില്‍ വിളിച്ചാല്‍ ഒരിക്കലും അവര്‍ അവരുടെ സ്ഥാപനത്തിന്റെ പൂര്‍ണമായ വിവരങ്ങള്‍ പറയുകയില്ല.അവരുടെ കമ്പനിയില്‍ ജോലി ചെയ്താലുണ്ടാവാന്‍ പോകുന്ന സാമ്പത്തിക നേട്ടങ്ങളെ കുറിച്ച് പറഞ്ഞ് യുവതി യുവാക്കളെ എക്സൈറ്റഡ് ആക്കും. ആദ്യം ഇന്റര്‍വ്യൂവില്‍ പറയും 90 ദിവസത്തെ ട്രെയിനിങ് ഉണ്ടാവുമെന്ന്. ട്രെയിനിങ് എന്താണെന്നു ചോദിക്കുമ്പോള്‍ പറയും ബിസിനസ് പരമായ ക്ലാസുകളും മറ്റുമാണെന്ന്. ഇതെല്ലാം വിശ്വസിച്ച് ഇവര്‍ ചെന്നുപെടുന്നത് ഒരു ഡയറക്റ്റ് മാര്‍ക്കറ്റിങ് കമ്പനിയുടെ പിടിയിലാകും

മൂന്ന് മാസത്തെ ട്രെയിനിങ് ഡയറക്റ്റ് മാര്‍ക്കറ്റിങ് ആണ്. മൂന്ന് മാസമെന്നത് വര്‍ഷങ്ങള്‍ നീളും. ലക്ഷങ്ങള്‍ സമ്പാദിക്കുന്ന മാനേജരുടെ നേട്ടങ്ങള്‍ നിരത്തികാട്ടി മോട്ടിവേറ്റ് ചെയ്യുന്നു. ട്രെയ്നിങിന് ശേഷം നിങ്ങള്‍ക്കും ഇതെല്ലം നേടാമെന്ന് പറയുന്നു. ബാഗെടുത്ത് അവര്‍ തരുന്ന പ്രോഡക്റ്റുകളുമായി വീടുകള്‍ കയറിയിറങ്ങുന്നു. വെയിലും മഴയുംകൊണ്ട് നടക്കുന്നു. ടാര്‍ഗറ്റും കൊടുക്കുന്നു.ടാര്‍ഗറ്റ് തികച്ചില്ലെങ്കില്‍ ക്രൂരമായ ശിക്ഷാ നടപടികളുമുണ്ട്. മാനേജര്‍ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുമെന്ന് മാത്രമല്ല ടോയ്ലറ്റ് കഴുകിപ്പിക്കുകയും ടാര്‍ഗറ്റ് നേടിയവരുടെ കാലു കഴുകിപ്പിക്കുക വരെ ചെയ്യിപിപ്പിക്കുന്നു എന്നും പലരും വെളിപ്പെടുത്തിയിട്ടുണ്ട്.

പരസ്യത്തില്‍ പറഞ്ഞ ശമ്പളമോ താമസ സൗകര്യമോ ഒന്നും തന്നെ ഉണ്ടാകില്ലെന്നതാണ്‌
വാസ്തവം. വീടുകള്‍ കയറിയിറങ്ങി, വീട്ടുകാരെ പറഞ്ഞു മയക്കി സാധനങ്ങള്‍ വാങ്ങിപ്പിച്ച് അങ്ങനെ കാലങ്ങള്‍ കവിയുമ്പോളാണ് ഒരു പ്രമോഷന്‍ നല്‍കുക.
അവസാനം പ്രൊമോഷന്‍ നല്‍കിയാല്‍ കൂടി അസിസ്റ്റന്റ് മാനേജര്‍ പദവി നല്‍കും. തുച്ഛമായ ശമ്ബളവും. അത് മേടിക്കാന്‍ വണ്ടിക്കൂലി മുടക്കി എറണാകുളം വരെ പോകുകയും വേണം. ഇതിന്റെ ചതി മനസിലാക്കാന്‍ ഒരു കാര്യം ശ്രദ്ധിച്ചാല്‍ മതി.

ഒരു പ്രൊഡക്ടിനും ബില് ഉണ്ടാകില്ല. പ്രോഡക്റ്റ് വരുന്നത് രാത്രി സമയങ്ങളിലായിരിക്കും. ഇത്തരം സ്ഥാപനങ്ങളില്‍ പുറത്തൊരു ബോര്‍ഡ് പോലുമുണ്ടാകില്ല. നമ്മുടെ വീടുകള്‍ തോറും വരുന്ന കുട്ടികളും ഇങ്ങനെ പരസ്യത്തിന്റെ ചതിയില്‍ പെട്ട്‌പോയവരായേക്കാം. പരസ്യങ്ങള്‍ എല്ലാം അവിശ്വസിക്കണം എന്നല്ല, പക്ഷേ ജോലിയുടെ ആവശ്യകത നമ്മളെ ചതിക്കുഴിയില്‍ വീഴ്ത്താന്‍ തക്കം പാര്‍ത്തിരിക്കുന്നു എന്ന് കൂടി മനസ്സിലാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button