ദുബായ്: യുഎഇയില്‍ കുട്ടികൾക്ക് വാക്സിനും മുലപ്പാലും നിഷേധിക്കുന്ന രക്ഷിതാക്കള്‍ക്ക് ഇനി ശിക്ഷ നേരിടും. രക്ഷിതാക്കള്‍ക്ക് താല്പര്യമുണ്ടെങ്കില് മാത്രം കുഞ്ഞുങ്ങള്‍ വാക്സിനെടുത്താല്‍ പോരെന്നും യുഎഇ നിയമപ്രകാരം അത് കുട്ടികളുടെ അവകാശമായാണ് കണക്കാക്കിയിരിക്കുന്നതെന്നും ദുബായ് ഹെല്‍ത്ത് അതോരിറ്റി (ഡിഎച്ച്എ) അറിയിച്ചു. വാക്സിനുകള്‍ എടുക്കാതിരിക്കുന്നതും മുലയൂട്ടാതിരിക്കുന്നതും രക്ഷിതാക്കളുടെ അശ്രദ്ധയായി കണക്കാക്കുമെന്ന് ഡിഎച്ച്എ അധ്യക്ഷ ഡോ. ശഹര്ബാന് അബ്ദുല്ല വ്യക്തമാക്കി.
‘വദീമ നിയമ’പ്രകാരം കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നഴ്സുമാര്‍, ഡോക്ടര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് നിയമപരമായ ബാധ്യതയുണ്ട്. കുട്ടി ചൂഷണം നേരിടുന്നതായി സംശയമുണ്ടെങ്കില്‍ പോലും അക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കണം. ശാരീരികവും വൈകാരികവും ലൈംഗികവും മാനസികവുമായ ചൂഷണങ്ങള്‍ക്ക് പുറമെ രക്ഷിതാക്കളുടെ അശ്രദ്ധയും നിയമത്തിന്റെ പരിധിയില്‍ വരും.
മുലയൂട്ടല്‍ സംബന്ധിച്ചും ഇത് തന്നെയാണ് നിയമം. അമ്മയുടെ അസുഖങ്ങളല്ലാതെ മറ്റൊരു കാരണങ്ങളുടെ പേരിലും കുഞ്ഞിനെ മുലയൂട്ടാതിരിക്കാന്‍ പാടില്ല. കുട്ടികള്‍ക്കുണ്ടാവുന്ന ഏത് ദുരനുഭവവും അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടത് സമൂഹത്തിലെ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് നിയമം വ്യക്തമാക്കുന്നു. കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോരിറ്റിയിലോ ദുബായ് ഫൗണ്ടേഷന് ഫോര്‍ വിമന്‍ ആന്റ് ചില്‍ഡ്രനിലോ അല്ലെങ്കില്‍ ദുബായ് പൊലീസിലോ ഇത്തരം കാര്യങ്ങള്‍ അറിയിക്കാം. കുട്ടികളെ സ്കൂളില്‍ വിടാതിരിക്കുകയോ അസുഖങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കാതിരിക്കുകയോ ചെയ്യുന്നത് പോലും ശ്രദ്ധയില്‍ പെടുന്നവര്‍ ഇങ്ങനെ അറിയിക്കണം.
സ്വന്തം അച്ഛനും മറ്റൊരാളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ എട്ട് വയസുകാരിയായ സ്വദേശി പെണ്‍കുട്ടി ‘വദീമ’യുടെ പേരിലാണ് യുഎഇയിലെ ശിശുസംരക്ഷണ നിയമം അറിയപ്പെടുന്നത്. 2012ലായിരുന്നു രാജ്യം നടുങ്ങിയ ഈ കൊലപാതകം നടന്നത്.
Post Your Comments