NewsIndia

ത്രിപുര വെസ്റ്റ് മണ്ഡലത്തില്‍ റീ പോളിംഗ് വേണമെന്ന് സിപിഐ എം

 

ന്യൂഡല്‍ഹി: വ്യാപകമായി ബൂത്തുപിടിത്തവും അക്രമവും അരങ്ങേറിയ ത്രിപുര വെസ്റ്റ് പാര്‍ലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് സിപിഐ എം. ഏപ്രില്‍ 11നു നടന്ന തെരഞ്ഞെടുപ്പില്‍ അമ്പതു ശതമാനത്തിലേറെ വോട്ടര്‍മാര്‍ക്കും വോട്ടു രേഖപ്പെടുത്താനായിട്ടില്ല. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് തെരഞ്ഞെടുപ്പു കമീഷനോട് ആവശ്യപ്പെട്ടതായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വെസ്റ്റ് ത്രിപുരയില്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് പല വെല്ലുവിളികളുമുണ്ടെന്ന് ഫെബ്രുവരി 20നു തന്നെ തെരഞ്ഞെടുപ്പു കമീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് രണ്ടു ദിവസംമുമ്പ് കമീഷനെ നേരില്‍ കണ്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തി. ത്രിപുരയിലെ പുരോഗമന ദിനപത്രമായ ദേശേര്‍കഥയുടെ പ്രസിദ്ധീകരണം തടഞ്ഞ ജില്ലാ മജിസ്‌ട്രേട്ടിനെയാണ് റിട്ടേണിങ് ഓഫീസറായി നിയമിച്ചത്. പത്രത്തിനെതിരായ ഈ ഉദ്യോഗസ്ഥന്റെ നടപടി ഹൈക്കോടതി പിന്നീട് സ്‌റ്റേ ചെയ്തു.

തെരഞ്ഞെടുപ്പിനു ശേഷം തങ്ങള്‍ നല്‍കിയ പരാതികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ഏപ്രില്‍ 18നു നിശ്ചയിച്ചിരുന്ന ഈസ്റ്റ് ത്രിപുര മണ്ഡലത്തിലെ വോട്ടെടുപ്പ് ഏപ്രില്‍ 23ലേക്ക് മാറ്റി. ക്രമസമാധാന നില സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്തിപ്പിന് അനുകൂലമല്ലെന്ന ചീഫ് ഇലക്ടറല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മണ്ഡലത്തിലെ 433 ബൂത്തില്‍ ക്രമക്കേടു നടന്നതായി കണ്ടെത്തി. യഥാര്‍ഥത്തില്‍ 846 ബൂത്തില്‍ ക്രമക്കേട് അരങ്ങേറിയിട്ടുണ്ട്. പരാതി നല്‍കി 20 ദിവസം പിന്നിട്ടിട്ടും കമീഷന്‍ കൃത്യമായൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടില്ല. ബംഗാളിലും തെരഞ്ഞെടുപ്പു ക്രമക്കേട് വ്യാപകമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 171 ഇടതുമുന്നണി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഇക്കുറി ഒരാളാണ് കൊല്ലപ്പെട്ടത്.

നിരവധി പേര്‍ക്ക് പരിക്കുണ്ട്. സിപിഐ എമ്മിന്റെ ഏഴു സ്ഥാനാര്‍ഥികളെ ആക്രമിച്ചു. സര്‍ക്കാരുകള്‍ വന്നുംപോയുമിരിക്കും. എന്നാല്‍, ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് തെരഞ്ഞെടുപ്പു കമീഷന്‍ ധീരമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. പ്രധാനമന്ത്രിയുടെയും മറ്റും ചട്ടലംഘനം ചൂണ്ടിക്കാട്ടി നിരവധി പരാതി സമര്‍പ്പിച്ചു. ഒന്നിലും നടപടിയില്ല. ബഗുസരായിയില്‍ ചട്ടലംഘനം നടത്തിയ ബിജെപി സ്ഥാനാര്‍ഥിക്ക് നോട്ടീസ് നല്‍കിയത് വോട്ടെടുപ്പ് കഴിഞ്ഞശേഷമാണ്– യെച്ചൂരി പറഞ്ഞു.
സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം നീലോല്‍പ്പല്‍ ബസു, ത്രിപുരയില്‍നിന്നുള്ള എംപിമാരായ ശങ്കര്‍പ്രസാദ് ദത്ത, ജിതേന്ദ്ര ചൗധരി എന്നിവരും യെച്ചൂരിക്കൊപ്പം തെരഞ്ഞെടുപ്പു കമീഷനെ കണ്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button