ന്യൂഡല്‍ഹി : ബഹിരാകാശത്തെ താരമായി ഇന്ത്യ മാറുന്നു. ഇന്ത്യയുടെ രണ്ടാമത് ചന്ദ്രയാന്‍-2 വിക്ഷേപണം ജൂലൈയില്‍ ഉണ്ടാകും. ഇന്ത്യയുടെ അതിവേഗത്തിലുള്ള വളര്‍ച്ച നാസയും സമ്മതിച്ചു. സെപ്തംബര്‍ ആറിന് ചന്ദ്രനില്‍ ഇറങ്ങാന്‍ സാധിക്കുന്ന വിധത്തില്‍ ജൂലായ് 9നും 16നും ഇടയില്‍ വിക്ഷേപണം നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.
മാര്‍ക് ത്രീ റോക്കറ്റാണ് ഈ പര്യവേഷണത്തിനായി ഉപയോഗിക്കുന്നത്. ജിഎസ്എല്‍വി ശ്രേണിയിലെ ഏറ്റവും കൂടുതല്‍ വികസിപ്പിച്ച റോക്കറ്റാണിത്. ചന്ദ്രയാന്‍ 2 ദൗത്യത്തിന് ആകെ 800 കോടി രൂപയാണ് ചിലവ്. ഇതില്‍ 200 കോടി രൂപയും വിക്ഷേപണത്തിനുള്ളതാണ്. 600 കോടി രൂപ ഉപഗ്രഹത്തിനുള്ള ചിലവാണ്.
ചന്ദ്രനില്‍ വെള്ളം, ടൈറ്റാനിയം, കാല്‍സ്യം, മഗ്‌നീഷ്യം, അലുമിനിയം, ഇരുമ്ബ് എന്നീ ലോഹങ്ങളുടെ സാന്നിധ്യം, ചന്ദ്രന്‍ ഒരുകാലത്തു പൂര്‍ണമായും ഉരുകിയ അവസ്ഥയിലായിരുന്നു എന്നുള്ള മാഗ്മ ഓഷന്‍ ഹൈപ്പോത്തിസിസിന്റെ സ്ഥിരീകരണം എന്നിവയെല്ലാം ചന്ദ്രയാന്‍ 1 ദൗത്യത്തിന്റെ നിര്‍ണായക സംഭാവനകളായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണു ചന്ദ്രയാന്‍ 2ല്‍ രാജ്യം ലക്ഷ്യമിടുന്നത്.
ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍, പര്യവേഷണം നടത്തുന്ന റോവര്‍ കൂടി ഉള്‍പ്പെടുന്നതാണു ചന്ദ്രയാന്‍ 2. ഐ.എസ്.ആര്‍.ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ദൗത്യമായാണ് ചന്ദ്രയാന്‍ 2 നെ കാണുന്നത്. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള വിക്ഷേപണത്തിനു ശേഷം ഓര്‍ബിറ്റര്‍ ചന്ദ്രനു 100 കിലോമീറ്റര്‍ മുകളിലുള്ള ഭ്രമണപഥത്തിലെത്തും. തുടര്‍ന്ന് റോവര്‍ ഉള്‍പ്പെടെയുള്ള ‘വിക്രം’ ലാന്‍ഡര്‍ മൊഡ്യൂള്‍ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങും. ചന്ദ്രനില്‍ എത്തിയശേഷം ലാന്‍ഡറില്‍ നിന്നു റോവര്‍ വേര്‍പെട്ട് ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും.
Post Your Comments