KeralaNews

കെ സുധാകരന്‍ കള്ളവോട്ടിന് പ്രേരണ നല്‍കി; എം.വി ജയരാജന്‍

 

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവും യുഡിഎഫ് കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥിയുമായ കെ സുധാകരന്റെ പ്രേരണയിലാണ് കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ യുഡിഎഫുകാര്‍ വ്യാപകമായി കള്ളവോട്ടു ചെയ്തതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന സുധാകരന്‍, ഓരോ ബൂത്തിലും 90 ശതമാനത്തിലേറെ പോളിങ് ഉറപ്പാക്കണമെന്നും ഇതിനായി മരിച്ചവരുടെ വോട്ടടക്കം ചെയ്യണമെന്നും ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ പേരില്‍ വരുന്ന ഏതുപ്രശ്‌നവും താന്‍ ഏറ്റെടുക്കുമെന്നും അണികള്‍ക്ക് ഉറപ്പുനല്‍കി. ഈ പ്രസംഗത്തിന്റെ വീഡിയോ പരക്കെ പ്രചരിപ്പിച്ച് യുഡിഎഫ് നേതൃത്വം പ്രവര്‍ത്തകരെ കള്ളവോട്ടിന് പ്രേരിപ്പിക്കുകയായിരുന്നു.

പുതിയങ്ങാടി ജമാ അത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 69–ാം ബൂത്തിലെ 76–ാം നമ്പര്‍ വോട്ടറായ കെ എം ആഷിഖ് അതേ ബൂത്തില്‍ അഞ്ച് തവണ വോട്ടു ചെയ്യുന്ന ദൃശ്യങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഒരു കള്ളവോട്ട് ചെയ്തതിനുശേഷം അടുത്ത കള്ളവോട്ടിനായി ക്യൂവില്‍നിന്ന് മാറാതെതന്നെ വീണ്ടും ബൂത്തിലേക്ക് വരുന്നത് മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. ആഷിഖ് വിവിധ ബൂത്തുകളിലായി എത്ര കള്ളവോട്ട് ചെയ്തു എന്നുള്ളത് സമഗ്രമായ അന്വേഷണത്തിലൂടെയേ കണ്ടെത്താന്‍ കഴിയൂ. പോളിങ് ആരംഭിച്ച രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയുള്ള സമയങ്ങളിലും അതിനുശേഷം ക്യൂവില്‍ ആളുകളുണ്ടായ സമയത്തുമായി തുടര്‍ച്ചയായി കള്ളവോട്ട് ചെയ്യുന്ന രീതിയാണ് യുഡിഎഫ് സ്വീകരിച്ചത്.

ആഷിഖ് കള്ളവോട്ടു ചെയ്യുന്നതിനെ എല്‍ഡിഎഫ് ഏജന്റ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പിന്നീട് 70–ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് ചെയ്തത്. മുഹമ്മദ് ഫായിസും സംഘവും പുറത്തുനിന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുമ്പോള്‍ യുഡിഎഫ് ബൂത്ത് ഏജന്റ് കണ്ടപ്പന്‍ ജബ്ബാറും ഒരു പാസുമില്ലാതെ ബൂത്തിനകത്ത് കയറി. യുഡിഎഫ് പ്രവര്‍ത്തകരായ എം എം ഷുക്കൂര്‍, ചൂട്ടാട് ശാഖാ സെക്രട്ടറി എം ഗഫൂര്‍ എന്നിവര്‍ ഉദ്യോഗസ്ഥരെയും എല്‍ഡിഎഫ് എജന്റുമാരെയും ബൂത്തിനകത്ത് വച്ച് ഭീഷണിപ്പെടുത്തി കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 69ാം ബൂത്തിലെ 387ാം നമ്പര്‍ വോട്ടറായ എസ് വി മുഹമ്മദ് ഫായിസ് മൂന്ന് കള്ളവോട്ടുകള്‍ 70ാം നമ്പര്‍ ബൂത്തില്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇയാള്‍ 69ാം നമ്പര്‍ ബൂത്തിലും വോട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ബൂത്ത് സ്വന്തം സാമ്രാജ്യമാക്കി എന്തും ചെയ്യാനായി കൈയേറി പിടിക്കുകയായിരുന്നു ലീഗ് സംഘം.

മാടായി പഞ്ചായത്ത് പ്രസിഡന്റ് എ സുഹറബിയുടെ മകന്‍ ഗള്‍ഫിലാണ്. അയാളുടെ വോട്ടും കള്ളവോട്ട് ചെയ്തിട്ടുണ്ട്. എംഎസ്എഫ് മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും ഇപ്പോള്‍ കെഎംസിസി ഭാരവാഹിയുമായ സമദ് ചൂടാട്ട് കള്ളവോട്ട് ചെയ്യാനും ചെയ്യിക്കാനുമായി ഗള്‍ഫില്‍നിന്ന് നാട്ടിലെത്തുകയായിരുന്നു. 71ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ടിനെ എല്‍ഡിഎഫ് എജന്റുമാര്‍ ചോദ്യംചെയ്തപ്പോള്‍ അവരെ കൈയ്യേറ്റം ചെയ്തിട്ടാണ് നിരവധിപേരെകൊണ്ട് കള്ളവോട്ട് ചെയ്യിച്ചതെന്നും എം വി ജയരാജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button