ArticleLatest NewsWriters' Corner

റിയാസ് അബൂബക്കര്‍ എന്ന ആട്ടിടയന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവരുമ്പോള്‍: സ്വന്തം മനസാക്ഷിയുടെ കണ്ണാടിയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നത് നിങ്ങളെത്തന്നെയല്ലേ? അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

പണ്ടൊക്കെ “തീവ്രവാദം” എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ഏതൊരു ശരാശരി മലയാളിയുടെയും മനസ്സില്‍ ഓടിയെത്തിയിരുന്ന രൂപം ലാദന്റെയും താലിബാനി അഫ്ഗാനികളുടെയുമായിരുന്നു..എന്നാല്‍ ഇന്നോ നാഴികകള്‍ ഇടവിട്ടുള്ള വാര്‍ത്താവിശകലനങ്ങളില്‍ തീവ്രവാദമെന്ന വാക്ക് കേട്ട് നമ്മുടെ കാതുകള്‍ തഴമ്പിച്ചു…ഒപ്പം ഏതു മലയാളിയാണ് പുതിയ തീവ്രവാദപട്ടം നേടിയവനെന്നു നോക്കാന്‍ വേണ്ടി മാത്രം ആ വാര്‍ത്താശകലങ്ങളിലേക്ക് നോക്കാന്‍ നമ്മള്‍ ശീലിക്കുകയും ചെയ്തു.സെക്കുലർ പാർട്ടികളുടെ അടവുനയം മതസങ്കുചിതത്വത്തിലും തീവ്രവാദത്തിലും അഭിരമിക്കുന്ന പാർട്ടികൾക്ക് വളമായിത്തീരുന്നുവെന്ന യാഥാർത്ഥ്യത്തെ ഇനിയെങ്കിലും നമ്മൾ അംഗീകരിച്ചേ മതിയാകൂ.

മലയാളമണ്ണില്‍ മതതീവ്രവാദം ആഴത്തില്‍ വേരോടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി..കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മദനിയും തടിയന്‍റ്റവിട നസീറുമൊക്കെ ദേശസ്നേഹം മൂത്ത് ജയിലിലായവരോ സ്വാതന്ത്ര്യസമരസേനാനികളോയല്ലായെന്നു കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം..കുറേ നാളുകൾക്ക് മുമ്പ് ഇടതുപക്ഷപാര്‍ട്ടിയുടെ കോട്ടയായ കണ്ണൂരില്‍ നിന്നും മതതീവ്രവാദത്തിന്റെ പേരില്‍ അഞ്ചുപേര്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റില്‍ ആയതോടെ തീവ്രവാദം കേരളത്തിൽ ആഴത്തിൽ വേരോടിതുടങ്ങിയെന്ന് വ്യക്തമായതുമാണ്.ഇപ്പോഴാകട്ടെ ശ്രീലങ്കൻ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ

കേരളത്തില്‍ എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ പിടിയിലായവര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വന്നുതുടങ്ങിയതോടെ

ദൈവത്തിന്റെ സ്വന്തം നാട് തീവ്രവാദികളുടെ സ്വന്തം നാടായി മാറിതുടങ്ങുന്നുവെന്നത് നിഷേധിക്കാനാവാത്ത സത്യവും.

മതതീവ്രവാദത്തിന്റെ വേരുകള്‍ ശക്തമായി കേരളമണ്ണില്‍ വേരോടിയത് 1992ലെ ബാബറി മസ്ജിദ്‌ സംഭവത്തിനു ശേഷമായിരുന്നു.പള്ളി തകര്‍ത്തത്തിനെതിരെയുള്ള മുസ്ലീം വികാരമാണ് തീവ്രവാദസ്വഭാവമുള്ള പല സംഘടനകളെയും ശക്തമായി വളര്‍ത്തിയ പ്രധാന ഘടകം.കോണ്‍ഗ്രസ് പാര്‍ട്ടിയുമായി മുസ്ലീം ലീഗിനുള്ള സഖ്യമാണ് ഈ വിഷയത്തില്‍ ലീഗിന്റെ മൃദുസമീപനത്തിന്റെ കാരണമെന്ന് മനസ്സിലാക്കിയ ഇത്തരം സംഘടനകള്‍ ലീഗുമായി അകലം പ്രാപിച്ചു.ലീഗ്‌വിരുദ്ധത ഇത്തരം മതതീവ്ര സംഘടനകളെ സി.പി.എമ്മിനോട് അടുക്കാൻ പ്രേരിപ്പിച്ചു. ഈ അവസരം വോട്ടുബാങ്ക് ലക്‌ഷ്യം വച്ച ഇടതുപക്ഷം നന്നായി മുതലെടുക്കുകയും ചെയ്തു.ഇറാഖ്, പലസ്തീൻ തുടങ്ങിയ പ്രശ്നങ്ങൾ മുസ്ലിങ്ങളിൽ ജനിപ്പിച്ച അമേരിക്കൻ വിരുദ്ധതയെ ഇടതുപക്ഷം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സാമ്രാജ്യത്വ വിരുദ്ധതയുമായി കൂട്ടിയിണക്കി.സദ്ദാംഹുസൈനു ധീരരക്ത സാക്ഷിയുടെ പരിവേഷം നല്കാന്‍ ഇടതുപക്ഷം ഒട്ടും അമാന്തിച്ചില്ല..മതസംബന്ധിയായ എന്തിനോടുമെതിരെ മാർക്സിസ്റ്റുകൾ കാണിക്കുന്ന ശൌര്യം ഹൈന്ദവമായവയ്ക്കാണു എന്നും ബാധകമായിക്കാണാറുള്ളത്.അത് ഇന്നും അങ്ങനെ തന്നെയല്ലേ ?ഈ ഹിന്ദുത്വവിരുദ്ധ നിലപാടിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയത് മതതീവ്രവാദികള്‍ ആയിരുന്നു.ഇസ്ലാം മതം ഹൃദയത്തില്‍ സ്വീകരിച്ച ഒരു മുസല്‍മാനും പറയില്ല ഭാരതം അവര്‍ക്ക് നരകമാണെന്ന്.അഞ്ചു നേരം നിസ്കാരം ചെയ്യുന്ന യഥാര്‍ത്ഥ മുസല്‍മാനു അറിയാം കേരളത്തിന്റെ മതസാഹോദര്യം .

ഒരുകാലത്ത് മതേതര വിദ്യാർഥിപ്രസ്ഥാനങ്ങൾക്ക് മാത്രം ഇടമുണ്ടായിരുന്ന സംസ്ഥാനത്തെ പല കലാലയങ്ങളിലും സമീപകാലത്തായി പ്രതിലോമചിന്താഗതിയും വർഗീയ, മതമൗലിക മനസ്സുമുള്ള വിദ്യാർഥിപ്രസ്ഥാനങ്ങൾ പിടിമുറുക്കാൻ ശ്രമിക്കുന്നുണ്ടെന്നതും ഒരു വലിയ പരിധിവരെ അവ അതിൽ വിജയിക്കുന്നുണ്ടെന്നതും നിഷേധിക്കാനാവാത്ത വസ്തുതയാണ്. ൗപോപ്പുലർ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐ.യുടെയും വിദ്യാർഥിവിഭാഗമാണ് കേരളത്തിലെ കാമ്പസുകളിൽ പ്രവർത്തിച്ചുവരുന്ന കാമ്പസ് ഫ്രണ്ട്.കേരളത്തിലെ മതേതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മതമൗലികവാദം പതുക്കെപ്പതുക്കെ കടന്നുവരാൻ തുടങ്ങിയത് 1970-കളുടെ ആരംഭംതൊട്ടാണെന്നു പറയാം. അന്നത്തെ വിദ്യാർഥിസമൂഹത്തിലെ ഒരു അതിസൂക്ഷ്മവിഭാഗത്തെമാത്രമാണ് മതമൗലികചിന്തകൾ സ്വാധീനിച്ചിരുന്നതെങ്കിൽ ഇന്നത് ആഴത്തിൽ പടർന്ന് രാഷ്ട്രീയകൊലപാതകങ്ങളിൽ എത്തി നില്ക്കുന്നു.കാമ്പസ് ഫ്രണ്ടുകാരുടെ അക്രമരാഷ്ട്രീയത്തിന്റെ ആദ്യത്തെ ഇരയായിരുന്നില്ല മഹാരാജാസിലെ അഭിമന്യു.ഏഴു വർഷം മുമ്പ് ഒരു ജൂലൈ യിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് കവാടത്തിൽ കോന്നി എൻ.എസ്.എസ്. കോളേജിലെ ഒന്നാംവർഷ ബിരുദവിദ്യാർഥി വിശാൽകുമാറിനെ കൊലചെയ്തതും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാർഥി സംഘടനയിൽപ്പെട്ടവരായിരുന്നു എന്നതായിരുന്നു യാഥാർത്ഥ്യം.

തെരഞ്ഞെടുപ്പിൽ ജയിക്കാൻ വിഭാഗീയ പ്രസ്ഥാനങ്ങളുടെ പിന്തുണ തേടുന്ന നയമായിരുന്നു എന്നും എൽ.ഡി.എഫും യു.ഡി. എഫും പിന്തുടര്‍ന്നുപോന്നത്.കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ സൂത്രധാരന്‍ മദനിക്ക് ഗാന്ധിയന്‍ പരിവേഷം പോലും ഇടക്കാലത്ത് ഇരുപാര്‍ട്ടികളും നല്കിയിരുന്നു.. ജാമ്യവും പരോളും നിഷേധിക്കപ്പെട്ട് മ്‌അദനി ജയിലിൽ കഴിയുമ്പോൾ രണ്ടു മുന്നണികളും ചേർന്ന് അദ്ദേഹത്തിന് നീതി ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ പാസാക്കിയതിനും കേരളം സാക്ഷിയായി.. സഹജീവിസ്നേഹവും നീതിബോധവും കൊണ്ടായിരുന്നുവോ ഇരുമുന്നണികളും മദനിക്ക് വേണ്ടി വാദിച്ചത്??വെറും സ്വാര്‍ത്ഥരാഷ്ട്രീയലാഭം മാത്രമായിരുന്നു അതിന്റെ പിന്നിലെന്നു ഇരു രാഷ്ട്രീയപാര്‍ട്ടിയിലും അന്ധമായി വിശ്വസിക്കാത്ത ഏതൊരു ശരാശരി മലയാളിക്കും മനസ്സിലാവുന്ന കാര്യമല്ലേ???

കേരളീയര്‍ക്ക്,പ്രത്യേകിച്ച്,കണ്ണൂരുകാര്‍ക്ക് ഇപ്പോഴത്തെ ഈ അറസ്റ്റ് അത്രയേറെ അപ്രതീക്ഷിതവും അത്ഭുതാവഹവും ഒന്നും തന്നെയല്ല.എത്രയോ നാളുകളായി നമുക്കു സൂചനകൾ ലഭിച്ചുകൊണ്ടിരുന്നതാണ്.എത്രയോ സംഭവവികാസങ്ങള്‍ക്ക്‌ നമ്മള്‍ സാക്ഷ്യം വഹിച്ചവരാണ്.ഇവിടെ വർഷങ്ങളായി പ്രവർത്തിക്കുന്ന പല സംഘടനകളുടെയും തീവ്രവാദസ്വഭാവം എത്രയോ തവണ വെളിച്ചത്തു വന്നതാണ്.നമുക്കിടയില്‍ തന്നെയുള്ള തീവ്രവാദികളെ എത്രയോ വട്ടം നമ്മള്‍ തിരിച്ചറിഞ്ഞതുമാണ്.എന്നിട്ടും നമ്മള്‍ എന്ത് ചെയ്തു? നമ്മുടെ പ്രമുഖരാഷ്ട്രീയ പാര്‍ട്ടികളും ഭരണകര്‍ത്താക്കളും എന്ത് ചെയ്തു??ഇത്തരം മതതീവ്രസംഘടനയ്ക്കെതിരെ ഒരു ചെറുവിരലെങ്കിലും അനക്കാന്‍ ഇവിടുത്തെ ഭരണവര്‍ഗ്ഗത്തിനായോ?? കേന്ദ്ര ഏജന്‍സി പലവട്ടം സംസ്ഥാനസര്‍ക്കാരിനു നല്‍കിയ എല്ലാ മുന്നറിയിപ്പുകളെയും സമുദായവിരുദ്ധമായി ചിത്രീകരിച്ചു,സ്വന്തം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് വേണ്ടി,തീവ്രവാദികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്കാനല്ലേ ഇരുമുന്നണികളും എന്നും ശ്രമിച്ചത്??

എന്നും തീവ്രവാദത്തിന്റെ ആശയങ്ങള്‍ ശക്തമായി എഴുതിയിരുന്ന തേജസ്സ് ദിനപത്രത്തിനെതിരെ കോടതിയലക്ഷ്യക്കേസ് വന്നപ്പോൾ അവർക്കുവേണ്ടി അഭിഭാഷകനായി എത്തിയത് സി.പി.എമ്മിന്റെ തന്നെ ഔദ്യോഗിക എം.പിയായിരുന്ന ശ്രീ. സെബാസ്റ്റ്യൻ പോളായിരുന്നു.പിന്നീട് കനകമലയില്‍ അറസ്റ്റിലായ ഒരാള്‍ അതേ തേജസ്‌ പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണെന്ന യാഥാര്‍ത്ഥ്യം വിരല്‍ ചൂണ്ടുന്നത് അറിയാതെയെങ്കിലും ഇത്തരകാര്‍ക്ക് മറപിടിക്കേണ്ടി വരുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ തന്നെയാണ്.കാക്കി ട്രൗസര്‍ ഇട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പട്ടാളച്ചിട്ടയിൽ മാർച്ച് ചെയ്യുന്ന ദൃശ്യങ്ങൾ ചാനലുകൾ ആവർത്തിച്ചു കാണിച്ചിരുന്നപ്പോള്‍ ആ ദൃശ്യങ്ങളില്‍ അപകടം മണക്കാത്തവരായിരുന്നു നമ്മുടെ മാധ്യമസമൂഹം.. മാര്‍ച്ചുകളില്‍ പോലും ഇത്തരം സംഘടനകള്‍ മാതൃകയാക്കിയത് ആര്‍ എസ് എസിനെയും സി പി എമ്മിനെയും ആയിരുന്നു.. ചുരുക്കത്തിൽ പൊതുമണ്ഡലത്തെ മലിനമാക്കുന്ന വിഭാഗീയ പ്രസ്ഥാനങ്ങളൊക്കെ സഞ്ചരിക്കുന്നത് മുഖ്യധാരാ പ്രസ്ഥാനങ്ങൾ വെട്ടിത്തെളിച്ച പാതയിലൂടെ തന്നെയെന്നതാണ് പരമമായ സത്യം..കാസര്‍ഗോട്ടെ ഐ.എസ്‌. ബന്ധം സംബന്ധിച്ച്‌ മുന്നറിയിപ്പ്‌ ഉണ്ടായിട്ടും സര്‍ക്കാര്‍ ഫലപ്രദമായ നടപടിയെടുത്തില്ലെന്ന്‌ ആക്ഷേപം ശക്‌തമാണ്‌.നടപടിയെടുക്കണമെന്നുകാട്ടി സ്‌പെഷല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌ നല്‍കുകയും ചെയ്‌തതാണ്‌. ഇന്ത്യയില്‍നിന്നു സിറിയയിലേക്കും യമനിലേക്കും യാത്ര ചെയ്യരുതെന്ന വിലക്കു നിലനില്‍ക്കെ അതിനു മുതിരുകയും അതിനു കൂട്ടുനില്‍ക്കുകയും ചെയ്‌തവര്‍ക്കെതിരേ എന്ത് നടപടിയാണുണ്ടായത്? സിറിയയിലേക്ക്‌ ഐ.എസില്‍ ചേരാന്‍ പോയവര്‍ ആരാണെന്നതു സംബന്ധിച്ചും സര്‍ക്കാരിന്‌ എന്തെങ്കിലും അറിവുണ്ടോ?

നമ്മുടെ കേരളത്തില്‍ നിലനിന്നുപോന്ന,അഥവാ ഇന്നും നിലവിലുള്ള രാഷ്ട്രീയസാഹചര്യമാണ് തീവ്രവാദം ഇത്ര വളരാന്‍ കാരണമായതെന്ന് ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത സത്യമാണ്.വോട്ടുബാങ്കുകൾ നൽകുന്ന പ്രലോഭനത്തെ അതിജീവിക്കത്തക്ക ആര്‍ജ്ജവമുള്ള എത്ര രാഷ്ട്രീയനേതാക്കള്‍ ഇന്ന് നമുക്കുണ്ട്?? കേരളത്തില്‍ വര്‍ഗ്ഗീയകക്ഷികളുമായി കൂട്ടികൂടില്ലെന്ന ഉറച്ച നിലപാടെടുടത്ത ഇ.എം.എസ്സിന്റെ കാലത്തെ സി.പി.എം. പിന്നീട്‌ സഞ്ചരിച്ച ഒരു ദിശ നോക്കൂ..അറിയാതെയെങ്കിലും വര്‍ഗ്ഗീയ വിധ്വംസക ശക്തികളുടെ വളര്‍ച്ചയ്ക്ക് അവരും കാരണമായി തീര്‍ന്നിട്ടുണ്ട് .

കേന്ദ്ര ഏജന്‍സിയുടെ കനകമലയിലെ അറസ്റ്റോടെ പരസ്പരം പഴിചാരുന്ന ഇടതുവലതുമുന്നണികൾ സത്യത്തിൽ സ്വന്തം മുഖത്തുതന്നെയായിതുന്നില്ലേ ചെളി വാരി എറിയുന്നത്!! ഇപ്പോൾ റിയാസ് അബൂബക്കറെന്ന ആട്ടിടയന്റെ വെളിപ്പെടുഞ്ഞലുകൾ ഒന്നൊന്നായി പുറത്തേയ്ക്കു വരുമ്പോൾ

നിങ്ങള്‍ നിങ്ങളില്‍ തന്നെ ആത്മപരിശോധന നടത്തി നോക്കൂ..അപ്പോള്‍ സ്വന്തം മനസാക്ഷിയുടെ കണ്ണാടിയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നത്‌ നിങ്ങളെ തന്നെയല്ലേ??

shortlink

Related Articles

Post Your Comments

Related Articles


Back to top button