ന്യൂഡല്‍ഹി: റഫാല്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ മറുപടി സത്യവാങ്മൂലം നല്കാന് കൂടുതല്‍ സമയം അനുവദിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. മറുപടി നല്കാന് നാലാഴ്ച സമയം വേണമെന്നാണ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ നാല് ദിവസമേ തരാനാകൂ എന്നായിരുന്നു കോടതിയുടെ മറുപടി. മെയ് 4-നകം സത്യവാങ്മൂലം നല്കാന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. കേസ് മെയ് 6-ന് വീണ്ടും പരിഗണിക്കും.
ഏപ്രില്‍ 10-ന് കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് റഫാല്‍ കേസില്‍ പുതിയ രേഖകള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി തീരുമാനിച്ചിരുന്നു. റഫാല്‍ രേഖകള്‍ക്ക് വിശേഷാധികാരമുണ്ടെന്നും, കേന്ദ്രസര്‍ക്കാരിന്റെ ഈ സ്വകാര്യ രേഖകള്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കരുതെന്നുമുളള കേന്ദ്രസര്‍ക്കാര്‍ വാദം സുപ്രീംകോടതി തള്ളി.പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് ‘ചോര്‍ന്ന’ റഫാല്‍ രേഖകള്‍ പുനപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളാണ് ഇതെന്നും രേഖകള്‍ പരിഗണിക്കരുതെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം.
Post Your Comments