
തിരുവനന്തപുരം: കഴക്കൂട്ടം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ മോഷണം നടന്നത് സമീപത്തെ വീടിന്റെ സ്റ്റെയര്‍കേസ് വഴിയിലൂടെ അകത്തു കടന്നാണെന്ന് പൊലീസ്. മുന്‍വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ച് ഓഫീസിനകത്തുകയറി, അലമാര കുത്തിപ്പൊളിച്ച് അകത്തുണ്ടായിരുന്ന ഒരു ലക്ഷത്തിലേറെ രൂപ സൂക്ഷിച്ചിരുന്ന ഇരുമ്പ ചെസ്റ്റ് ബോക്സുമായി ബൈക്കില്‍ കടന്നുകളയുകയായിരുന്നു. കാട്ടായിക്കോണം ചന്തവിള നൗഫല്‍ മന്‍സിലില്‍ താമസിക്കുന്ന റഹീസ് ഖാന്‍ (24, അപ്പൂസ്), പേയാട് ചീലപ്പാറ വാടകയ്ക്ക് താമസിക്കുന്ന ഷാരൂഖ് ഖാന്‍ (20) എന്നിവരെയാണ് സിറ്റി ഷാഡോ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കിയത്. കഴക്കൂട്ടം പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് കഴക്കൂട്ടം ബൈപാസില്‍ മിഷന്‍ ആശുപത്രിക്ക് എതിര്‍വശത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയുടെ ഓഫീസ് കുത്തിത്തുറന്നാണ് 1,16,000 രൂപ മോഷ്ടിച്ചത്. ബുധന്‍ വൈകുന്നേരം ആറിന് ഓഫീസ് പൂട്ടി പോയ ജീവനക്കാര്‍ വ്യാഴം രാവിലെ ഒമ്പതിന് ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന്റെ നിര്‍ദേശപ്രകാരം സിറ്റി ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കള്‍ പിടിയിലായത്.
Post Your Comments