Gulf

യുഎഇയില്‍ അഞ്ചിടങ്ങളില്‍ തീപിടുത്തം; വൻ സാമ്പത്തിക നഷ്ടമെന്ന് സിവില്‍ ഡിഫന്‍സ്

റാസല്‍ഖൈമ: യുഎഇയില്‍ അഞ്ചിടങ്ങളില്‍ തീപിടുത്തം , റാസല്‍ഖൈമ എമിറേറ്റിലെ അഞ്ചിടങ്ങളില്‍  തീപിടുത്തമുണ്ടായെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. എവിടെ നിന്നും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ വന്‍ സാമ്പത്തിക നഷ്ടമുണ്ടായെന്ന് റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം മേധാവി ക്യാപറ്റന്‍ അബ്‍ദുല്ല ബിന്‍ യാക്കൂബ് പറഞ്ഞു.

കൂടാതെ നാല് വീടുകളിലും അല്‍ ഗെയ്‍ലിലെ ഒരു ഫാക്ടറിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങളിലുമാണ് തീപിടിച്ചത്. റാസല്‍ഖൈമ പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ച വിവരമനുസരിച്ച് എല്ലായിടങ്ങളിലേക്കും പൊലീസ്, ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ്, പാരാമെഡിക്കല്‍ സംഘങ്ങളെ അയച്ചു. തീപിടിച്ച കെട്ടിടങ്ങളില്‍ നിന്ന് പരിക്കേല്‍ക്കാതെ എല്ലാവരെയും പുറത്തിറക്കാനും തീ മറ്റ് കെട്ടിടങ്ങളിലേക്ക് പടര്‍ന്ന് വലിയ അപകടമുണ്ടാകാതെ തടയാനും രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.

എന്നാൽ തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ വിവിധ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. ആഴ്ചകള്‍ക്ക് മുന്‍പ് റാസല്‍ഖൈമയിലെ അല്‍ ദഖ്തഖയിലുണ്ടായ തീപിടുത്തത്തിലും വ്യാപക നാശനഷ്ടങ്ങളുണ്ടായിരുന്നു

shortlink

Post Your Comments


Back to top button