KeralaLatest News

ഇനിയും ജൈവസമ്പത്തുകള്‍ തകര്‍ക്കണോ; ശാന്തിവനത്തെ സംരക്ഷിക്കാന്‍ സാംസ്‌കാരിക പ്രവര്‍ത്തകരും

പരിസ്ഥിതി സമരങ്ങള്‍ ഏറെ കണ്ട നാടാണ് നമ്മുടെ കേരളം. 70കളിലെ സൈലന്റ് വാലി പ്രക്ഷോഭം ഇന്നും നാം ഓര്‍ത്തിരിക്കാന്‍ കാരണം അത് പ്രകൃതിക്കുവേണ്ടി നടന്ന പോരാട്ടമാണ്. ഇന്ന് വീണ്ടും അത്തരം ചില പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ് നമ്മുടെ കേരളത്തില്‍.

ജൈവ സമ്പത്തിനെ തകര്‍ത്ത് എറണാകുളം വടക്കന്‍ പറവൂരില്‍ കെഎസ്ഇബിയുടെ വൈദ്യുത ടവര്‍ ഉയരുന്നു എന്ന വാര്‍ത്ത കഴിഞ്ഞദിവസം നമ്മള്‍ കേട്ടതാണ്. വികസനം വേണം എന്നത് നേരാണ് എന്നാല്‍ അത് പ്രകൃതിയെ ഇല്ലായ്മചെയ്തുകൊണ്ട് തന്നെ ണേം എന്നു വാശിപ്പിടിക്കുന്നതാണ് തെറ്റ്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ‘ശാന്തിവനം’ എന്ന ജൈവസമ്പത്ത് തകര്‍ത്താണ് വടക്കന്‍ പറവൂരില്‍ ഈ വൈദ്യുതി ടവര്‍ ഉയരാന്‍ പോകുന്നത്.

അപൂര്‍വ സസ്യ സമ്പത്തിനെ തകര്‍ക്കുന്ന വൈദ്യുതി ബോര്‍ഡിന്റെ ഈ നടപടിക്കെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുന്നത്. കാവും കുളങ്ങളും ചേരുന്ന ഒരു സ്വാഭാവിക ആവാസവ്യവസ്ഥയാണ് ശാന്തിവനം. ഇതൊരു സ്വകാര്യ വനമാണ്. അതായത് സ്വകാര്യവ്യക്തിയുടെ ഭൂമിയിലാണ് ഈ ജൈവസമ്പത്ത്. എന്നാല്‍ വഴികുളങ്ങര ഗ്രാമത്തിന്റെ മാത്രമല്ല ചുറ്റുമുള്ള പ്രദേശങ്ങളുടെയും ജീവവായുവാണ് ശാന്തിവനം. കരിമ്പനയും കാട്ടിലഞ്ഞിയും നിരവധി കാട്ടുമരങ്ങള്‍, കൂടാതെ പേര, ചാമ്പ, ചെറി, ആത്ത, നെല്ലിപ്പുളി, മംഗോസ്ടിന്‍, വിവിധയിനം പ്ലാവുകള്‍, മാവുകള്‍ അങ്ങനെ നാട്ടുമരങ്ങള്‍, നൂറുകണക്കിന് ഔഷധ സസ്യങ്ങള്‍ ഉള്‍പ്പെടെ അപൂര്‍വ്വമായ സസ്യ ജീവജാലങ്ങള്‍ രണ്ടേക്കറില്‍ വ്യാപിച്ച് കിടക്കുന്ന ശാന്തി വനത്തിലുണ്ടെന്ന് നിരവധി പരിസ്ഥിതി പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ശാന്തി വനം ജൈവവൈവിധ്യത്തിന്റെ ഒരു കലവറയാണ്. നാകമോഹന്‍, പിറ്റ, സൈബീരിയന്‍ കൊക്കുകള്‍, വെരുക്, തച്ചന്‍കോഴി, അണ്ണാന്‍, മരപ്പട്ടി, പലയിനം ശലഭങ്ങള്‍, തുമ്പികള്‍, ഇന്ത്യന്‍ ബുള്‍ ഫ്രോഗ് അടക്കമുള്ള വിവിധയിനം തവളയിനങ്ങള്‍, ജലജീവികള്‍, മത്സ്യങ്ങള്‍, പാമ്പുകള്‍, പതിവായെത്തുന്ന നിരവധിയിനം ദേശാടനപ്പക്ഷികള്‍, നൂറുകണക്കിന് ഷട്പദങ്ങള്‍ ഇവയൊക്കെ ഈ ആവാസവ്യവസ്ഥയിലുണ്ട്. സംരംക്ഷിത വനങ്ഹലെല്ലാം നശിപ്പിക്കപ്പെട്ടപ്പോള്‍ രവീന്ദ്രനാഥ്, ജോണ്‍സി ജേക്കബ്, ഡോ സതീഷ്‌കുമാര്‍ തുടങ്ങിയ പരിസ്ഥിതിപ്രവര്‍ത്തകര്‍ മുന്‍കൈയെടുത്താണ് ഈ ജൈവ വൈവിദ്ധ്യ മേഖലയെ ശാന്തിവനം എന്നു പേരിട്ട് സംരക്ഷിച്ചത്. വിവിധ പരിസ്ഥിതി പഠനപ്രവര്‍ത്തനങ്ങള്‍ ശാന്തിവനത്തില്‍ നടത്താറുണ്ട്. സമീപമുള്ള സ്‌കൂളുകളില്‍നിന്നും ഇവിടേക്ക് പഠനത്തിനായി വിദ്യാര്‍ത്ഥികളെ കൊണ്ടുവരുന്നതും പതിവാണ്.

ശാന്തിവനത്തെ തകര്‍ത്തുകൊണ്ട് കെഎസ്ഇബിയുടെ വൈദ്യുതി ലൈനിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ് ഇപ്പോള്‍. മന്നം മുതല്‍ ചെറായി വരെയാണ് കെഎസ്ഇബിയുടെ 110 കെവി വൈദ്യുതി ലൈന്‍ പണികള്‍ നടക്കുന്നത്. ശാന്തിവനത്തിന്റെ ഒരു വശത്തുകൂടി നിര്‍മ്മാണം നടത്താനാണ് അനുമതി നല്‍കിയതെന്ന് സ്ഥലമുടമ പറയുന്നു. എന്നാല്‍ അന്‍പതോളം മരങ്ങള്‍ മുറിച്ച് സ്ഥലത്തിന്റെ ഒത്ത നടുവിലാണ് ഇപ്പോള്‍ പണികള്‍ നടക്കുന്നത്. ശാന്തിവനത്തെ ബാധിക്കാത്ത തരത്തിലാണ് ആദ്യം പദ്ധതി തയ്യാറാക്കിയതെങ്കിലും പിന്നീട് പൊടുന്നനെ നിശ്ചയിച്ച വഴി മാറ്റി ജൈവവൈവിദ്ധത്തെ തകര്‍ക്കുന്നമട്ടില്‍ ഒത്ത നടുവിലൂടെ നിര്‍മ്മാണം തുടങ്ങുകയായിരുന്നു.

ടവര്‍ പോസ്റ്റിനായുള്ള പൈലിംഗ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ടവര്‍ നിര്‍മ്മിക്കാന്‍ സ്ഥലമുടമ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ അനുമതി നല്‍കിയിരുന്നുവെന്നാണ് കെഎസ്ഇബി പറയുന്നത്. ശാന്തിവനം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് കെഎസ്ഇബിക്കെതിരെ സ്ഥലമുടമ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഹരിതകേരളം മിഷനും ഇക്കാര്യം കാട്ടി നിവേദനം നല്‍കിയിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.ശാന്തിവനത്തിനായുള്ള സമരം ഏറ്റെടുത്ത് സംസ്ഥാനത്തെ സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുകയാണ്. കെഎസ്ഇബിയുടെ വൈദ്യുത ടവര്‍ നിര്‍മ്മാണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ശാന്തിവന സംരക്ഷണ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button